കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ മണല്‍ ഖനനം നടത്തുന്നതില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നെന്ന് പി രാജീവ്

കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ മണല്‍ ഖനനം നടത്തുന്നതില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുന്‍പ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കടല്‍ മണല്‍ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മല്‍സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. 2023 ജൂലൈ 27 ന് ലോക്സഭയില്‍ ഖനനം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചു.
ആഗസ്റ്റ് 1ന് ലോക്സഭയും തുടര്‍ന്ന് രാജ്യസഭയും ബില്‍ പാസാക്കുകയും രാജ്യത്ത് നിയമമായി മാറുകയും ചെയ്തു. 12 നോട്ടിക്കല്‍ മൈലിനിപ്പുറമുള്ള തീരമേഖല സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. ഇതില്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അധികാരം ഇല്ലാതാക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. മണിപ്പൂര്‍ വിഷയത്തില്‍ പ്രക്ഷുബ്ധമായത് കാരണമാകാം എം.പിമാര്‍ ആരും ഭേദഗതി നിര്‍ദേശിച്ചില്ല എന്നതും ശ്രദ്ധിക്കണം. എന്നാല്‍ 2023 ല്‍ തന്നെ കടല്‍ മണല്‍ ഖനനത്തിനെതിരായ നിലപാട് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചു. ഇത് സംബന്ധിച്ച് മൂന്ന് കത്തുകള്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനയച്ചു.
നിയമസഭയില്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ഖനനത്തിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് സംഘടിപ്പിച്ച റോഡ് ഷോയില്‍ കേരളത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുക്കുന്ന വേളയിലും ഈ വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്ര മൈനിംഗ് സെക്രട്ടറി തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ ഖനന വിഷയം അജണ്ടയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കടല്‍ മണല്‍ ഖനനത്തിനെതിരായി പ്രതിപക്ഷവുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ കടല്‍ മണല്‍ ഖനന വിഷയത്തിലുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha