പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വിധി നാളെ. പി.സി. ജോര്‍ജ് നിലവില്‍ റിമാന്‍ഡിലാണ്. എന്നാല്‍ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈരാട്ടുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് വെള്ളിയാഴ്ച പറയുക. പി.സി. ജോര്‍ജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമെന്നും പരാതിക്കാരന്‍ കോടതില്‍ പറഞ്ഞു. പിസി ജോര്‍ജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസ് അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പി.സി. ജോര്‍ജിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എം.എല്‍.എ. ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി.സി ജോര്‍ജിനും ഉള്ളൂ. പി.സി. ജോര്‍ജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. അതിനാല്‍ ജാമ്യം നല്‍കണമെന്ന് ജോര്‍ജിന്റെ അഭിഭാകന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha