കോണ്‍ഗ്രസിന് കേരളത്തില്‍ നല്ല നേതാവിന്റെ അഭാവമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല: ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖം വളച്ചൊടിച്ചതാണെന്ന് ശശി തരൂര്‍ എംപി

കോണ്‍ഗ്രസിന് കേരളത്തില്‍ നല്ല നേതാവിന്റെ അഭാവമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖം വളച്ചൊടിച്ചതാണെന്നും ശശി തരൂര്‍ എംപി. ചിലര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ആ വാര്‍ത്ത കൊണ്ടുള്ള നേട്ടമെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.
കേരളത്തില്‍ നേതാവിന്റെ അഭാവമുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജ വാര്‍ത്ത വന്നു. പിന്നീട് മറ്റു പത്രങ്ങള്‍ അന്ന് ഒന്നാം പേജ് വാര്‍ത്തയും കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ മൂന്ന് ദിവസം ചര്‍ച്ചയുമാക്കി. കഴിഞ്ഞ ദിവസം അതിന്റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നപ്പോള്‍, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. എല്ലാ നാശനഷ്ടങ്ങളും സംഭവിച്ചതിനു ശേഷമാണ്, പത്രം വൈകി തിരുത്തല്‍ നടത്തിയത്.അച്ചടിച്ചത് താന്‍ പറഞ്ഞതോ പറഞ്ഞതിന്റെ ഉദ്ദേശിച്ച അര്‍ത്ഥമോ ആയിരുന്നില്ല. ശ്രദ്ധ നേടുന്ന തലക്കെട്ടുകളോടുള്ള ആസക്തിയാണ് ഇതിനു വഴി തെളിക്കുന്നത്. ഉറച്ച ജനാധിപത്യവാദിയെന്ന നിലയില്‍, മാദ്ധ്യമ നിയന്ത്രണം ആവശ്യപ്പെടില്ല. ഇത്രയും നിരുത്തരവാദപരമായ പ്രവൃത്തിക്കെതിരെ പൊതുപ്രവര്‍ത്തകന് എന്ത് സംരക്ഷണമാണുള്ളത്
താനുമായുള്ള പോഡ്കാസ്റ്റ് വളരെയധികം ശ്രദ്ധ നേടി. മാദ്ധ്യമങ്ങള്‍ക്ക് ദിവസങ്ങളോളം വാര്‍ത്തകള്‍ ലഭിച്ചു. പക്ഷേ തനിക്ക് നേരിട്ട അധിക്ഷേപം, അപമാനം, അപവാദം എന്നിവയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഒപ്പം അപ്രതീക്ഷിത പിന്തുണ, പ്രശംസ എന്നിയും ലഭിച്ചു. അങ്ങനെ സംഭവിച്ചതു കൊണ്ട് പലരും തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടെത്തി. ചിലര്‍ ഉണര്‍ന്ന് അലംഭാവം ഉപേക്ഷിച്ചു. മറ്റു ചിലര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തി. പെട്ടെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ചര്‍ച്ച ചെയ്യപ്പെട്ടു.എ.ഐ.സി.സി വിളിച്ച നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha