വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാന്‍ വിഷം കഴിച്ചതായി കണ്ടെത്താനായില്ല, മാനസിക പ്രശ്നമുള്ളതായും തെളിഞ്ഞില്ലെന്ന് വിവരം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്‍ വിഷം കഴിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല. വയറു കഴുകിയതില്‍ നിന്ന് ശേഖരിച്ച സാമ്പികളുകളാണ് പരിശോധിച്ചത്. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നിന്നുള്ള ഫലം കൂടി വന്നശേഷമേ ഇക്കാര്യം അന്തിമമായി ഉറപ്പിക്കാനാവൂ. അതിന് സമയമെടുക്കും.
ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍, പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തസ്രാവമുള്‍പ്പെടെയുണ്ടോയെന്ന് അറിയാന്‍ പ്രതിയെ സി.ടി സ്‌കാനിന് വിധേയനാക്കി. അതിലും പ്രശ്‌നങ്ങളില്ല. ലിവറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനങ്ങള്‍ അടുത്തദിവസം വീണ്ടും വിലയിരുത്തും.മാനസിക പ്രശ്‌നമുള്ളതായി സൈക്യാട്രി വിഭാഗത്തിനും വിലയിരുത്തലില്ല. ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ട്. ഇടയ്ക്കിടെ ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. അക്രമ വാസന കണക്കിലെടുത്ത് വിലങ്ങ് അഴിച്ചിട്ടില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് മെഡിക്കല്‍ പേ വാര്‍ഡില്‍ പ്രതിയുള്ളത്.
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് ഇന്ന് വൈകുന്നേരം രേഖപ്പെടുത്തി.പാങ്ങോട് പൊലീസ്, മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കടം നല്‍കിയവര്‍ അഫാന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും പ്രതിയുടെ മൊഴി രേഖപ്പെടുക്കാനും അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. അഫാന്റെ ഫോണിന്റെ ശാസ്ത്രീയപരിശോധനാ ഫലവും പൊലീസ് കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha