സങ്കടം സഹിക്കാന്‍ വയ്യ.... വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് രാവിലെ തിരുവനന്തപുരത്ത് എത്തും; 4 കുടുംബാംഗങ്ങളെ പ്രിയ പുത്രന്‍ കൊലപ്പെടുത്തിയതില്‍ നടുങ്ങി പിതാവ്

അങ്ങനെ മലയാളികളുടെ സഹായം കൊണ്ട് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രാരേഖകള്‍ ശരിയായതോടെ അബ്ദുല്‍ റഹിം ദമാമില്‍ നിന്ന് യാത്രതിരിച്ചു.
7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു തിരിക്കാനായത്. നാടിനെ ഞെട്ടിച്ച കൊലപാതകപരമ്പരയില്‍, കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയെ ആണ് ആദ്യം കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. പുല്ലമ്പാറ എസ്എന്‍ പുരത്ത് താമസിക്കുന്ന ലത്തീഫിനെയും ഭാര്യയെയും പിന്നാലെ കൊലപ്പെടുത്തി. അതിനു ശേഷമാണ് അഫാന്‍ തന്റെ വീട്ടിലെത്തി സഹോദരനെയും അമ്മയെയും പെണ്‍കുട്ടിയെയും ആക്രമിച്ചത്.
വൈകിട്ട് 6 മണിയോടെ ഓട്ടോയില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അമ്മയടക്കം 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫാന്‍ അറിയിച്ചത്. ഇയാളെ സ്റ്റേഷനിലിരുത്തിയ ശേഷം മൂന്നിടങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിലാണു കൊലപാതകങ്ങള്‍ സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്ന ഷമിയെ പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.
അതേസമയം വെഞ്ഞാറമൂട് കൂട്ടകൊലക്കേസില്‍ അന്വേഷണ സംഘം ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി എടുക്കും. ഇന്നലെ മൊഴി എടുക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അഫാനെയും ഉമ്മയെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മൊഴിയും ഇന്ന് എടുക്കും. വെഞ്ഞാറമൂട് സിഐയാണ് ഡോക്ടര്‍മാരുടെ മൊഴി എടുക്കുക. കുടുംബത്തിന് പണം വായ്പ നല്‍കിയവരുടെ മൊഴി എടുക്കല്‍ ഇന്നലെ പൂര്‍ത്തിയായി. വന്‍ സാമ്പത്തിക ബാധ്യത മൂലമാണ് കൂട്ടക്കൊല എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ മൊഴി ശേഖരിച്ചത്. വായ്പ നല്‍കിയവര്‍ കേസില്‍ സാക്ഷികളാകും.
മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു പിതാവ് റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.
റഹീം നാട്ടില്‍ വന്നിട്ട് 7 വര്‍ഷമായി. ഇഖാമ കാലാവധി തീര്‍ന്നിട്ട് രണ്ടര വര്‍ഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകില്‍ സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കില്‍ എംബസി വഴി, ലേബര്‍ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം. വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയില്‍ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തില്‍ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ലെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha