അഫാൻ മാനസിക രോഗിയോ? എങ്കിൽ എന്ത് സംഭവിക്കും അന്വേഷണ സംഘം സമ്മർദ്ദത്തിൽ

മൂന്നു തവണ ആത്മഹത്യാശ്രമം നടത്തിയ അഫാൻ മരണത്തെയും കൊലപാതകത്തെയും ഭയപ്പെട്ടിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി, സിനിമാ പ്രേമിയായ അഫാൻ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് പ്രതികാര ദാഹിയായ നായകൻമാരെയാണ് . താനുമായി അടിപിടി കൂടിയ യുവാവിനെ തിരികെ മർദ്ദിക്കുന്നതുവരെ ചെരുപ്പിടാതെ നടന്നത് കുറച്ചു നാൾ മുൻപാണ്. 'മഹേഷിന്റെ പ്രതികാരം ' എന്ന സിനിമയിലെ നായകനെപ്പോലെ പക മനസ്സിൽ കെടാതെ സൂക്ഷിക്കുകയായിരുന്നു.
മാർക്കോ സിനിമയിലെ കൂട്ടക്കൊലപാതകം പോലെ കൊലപാതക പരമ്പരയാണ് അഫാൻ നടത്തിയതെന്ന് പോലീസ് കരുതുന്നു. സിനിമയുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നുണ്ട് .
സ്കൂളിൽ പഠിക്കുന്ന കാലത്ത് എലി വിഷം കഴിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ഒരിക്കൽ ശ്രമിച്ചിരുന്നു. മറ്റൊരിക്കൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.ഇതെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കാണ്വിരൽ ചൂണ്ടുന്നത്.
കടക്കണി കാരണം പലപ്പോഴും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ചില ബന്ധുക്കൾ സൂചന നൽകുന്നു.ആഡംബര ഭ്രമം കടക്കെണി വർദ്ധിപ്പിച്ചിട്ടും നിർത്താൻ തയ്യാറായില്ല. ബുള്ളറ്റ് വിറ്റാണ് ഹിമാലയ ബൈക്ക് വാങ്ങിയത്. അടുത്തിടെ ഐ ഫോണും വാങ്ങി. ഇതെല്ലാം കടം വാങ്ങിയാണ് സ്വന്തമാക്കിയത്. കടക്കാർ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഷെമി മക്കളോട് പറയാറുണ്ടായിരുന്നത്രെ.
ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന വിശ്വാസിയായ ചെറുപ്പക്കാരൻ എങ്ങനെയാണ് ഇത്ര വലിയ കൊലപാതകിയായതെന്ന് അമ്പരക്കുകയാണ് അന്വേഷണ സംഘം .
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണങ്ങൾക്ക് അമ്മയും രണ്ടു മക്കളും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. അത്രയ്‌ക്ക് ഇഴയടുപ്പമുണ്ടായിരുന്ന കുടുംബത്തിൽ ഒറ്റദിവസം കൊണ്ട് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ഇവർ ആശ്ചര്യപ്പെടുന്നത്.
മയക്കുമരുന്നിന്റെയും മാനസികരോഗത്തിന്റെയും സാധ്യതകൾ ഇവിടെയാണ് പ്രസക്തമാകുന്നത്. അഫാൻ രാസ മയക്കുമരുന്നിന്റെ പിടിയിലാണെന്ന കാര്യം തെളിയിക്കാൻ പോലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞില്ലെങ്കിൽ മാനസികരോഗമാണെന്ന് കരുതേണ്ടി വരും. സാമാന്യ ബുദ്ധിയുള്ള ഒരാൾ ഇങ്ങനെ ചെയ്യില്ലെന്ന് അന്വേഷണ സംഘം കരുതുന്നു.
പുതിയ മൊബൈൽ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു പ്രതി അഫാന് കമ്പം. അഫാൻ പറഞ്ഞത് അനുസരിച്ചാണ് വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ കാർ വാങ്ങുന്നത്. കൊവിഡിന് മുമ്പുവരെ പിതാവ് അബ്ദുറഹീമിന്റെ ഗൾഫിലെ ബിസിനസ് നല്ല നിലയിലാണ് പോയിരുന്നത്. ആ സമയത്ത് ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാദ്ധ്യത വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്ക്ക് അർബുദം കൂടി ബാധിച്ചതോടെ കുടുംബം കടുത്ത സമ്മർദ്ദത്തിലായിരുന്നു.
അതിനിടെ അഫാന്റെ ബുള്ളറ്റും കാറും വിറ്റതായും സൂചനയുണ്ട്. അതിനുശേഷം കുറേനാൾ കഴിഞ്ഞാണ് ഒന്നരലക്ഷം രൂപയ്ക്ക് പുതിയ ബൈക്കും ഫോണും വാങ്ങിയത്. കടം കൂടിയതോടെ ഇതെല്ലാം നഷ്ടപ്പെടുമെന്ന് അഫാന് ആശങ്കയുണ്ടായിരുന്നതായും വിലയിരുത്തുന്നുണ്ട്. പാണാവൂരിലെ കോളേജിൽ ബികോം പഠനം പാതിവഴിയിൽ നിറുത്തിയ അഫാന് സുഹൃത്തുക്കൾ കുറവാണ്. മാതാവ് ഷെമിയുടെ നാടായ പേരുമലയിൽ സ്ഥലം വാങ്ങി 10 വർഷം മുൻപാണ് കുടുംബം വീട് വച്ചത്. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം കവർന്ന മാല പണയംവച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപ്പതിനായിരം രൂപ കടം വീട്ടാൻ അഫാൻ ഉപയോഗിച്ചെന്നും അറിയുന്നു. എന്നാൽ ഇതൊന്നും കൂട്ട കൊലയിലേക്കുള്ള കാരണമായി പോലീസ് കരുതുന്നു.
അഫാന്റെ കടുത്ത സാമ്പത്തിക ബാദ്ധ്യത കാമുകി ഫർസാനയ്ക്കും അറിയാമായിരുന്നു എന്നാണ് വിവരം. ഫർസാനയുടെ ഒരു സ്വർണമാല വാങ്ങിയും അഫാൻ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയാതിരിക്കാൻ സ്വർണം പൂശിയ മറ്റൊരു മാല ഫർസാനയ്ക്ക് വാങ്ങി നൽകി. അഫാന്റെ സാമ്പത്തിക ബാദ്ധ്യതയെപ്പറ്റി ഫർസാന തന്റെ അമ്മയോട് പറഞ്ഞിരുന്നു. അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ കുടുംബത്തിലെ ചിലർക്ക് അറിയാമായിരുന്നെന്നും സൂചനയുണ്ട്. അഫാന് നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫർസാന.
മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ നടത്താൻ യുവാവിനെ നയിച്ചതിന്റെ കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.
ഇതിനുപുറമേ, സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴിയിലുള്ളതെന്നാണ് വിവരം. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്ടത്തിലായി. നാട്ടുകാരിൽനിന്ന് കുറേ പണം വാങ്ങിയത് വീട്ടാനുണ്ട്.
ഇങ്ങനെ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ വീട്ടിൽ കൂട്ട ആത്മഹത്യക്കു പദ്ധതിയിട്ടിരുന്നതായി യുവാവ് പോലീസിനോടു പറഞ്ഞെന്നാണ് വിവരം. മാതാവിനെ ആദ്യം കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന്, എല്ലാവരുംകൂടി വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. മരിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടാലോയെന്നു കരുതി വേണ്ടെന്നുവെച്ചു. തുടർന്ന്, വെഞ്ഞാറമൂട്ടിൽ പോയി ചുറ്റിക വാങ്ങി. വീട്ടിലെത്തി മാതാവിന്റെ തലയ്ക്കടിച്ചു. ഇതിലാണ് പോലീസ് അസ്വാഭാവികത കാണുന്നത്.
പിന്നീടാണ്, മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. വീട്ടിൽ തിരിച്ചെത്തിയ അഫാൻ അവിടെയുണ്ടായിരുന്ന സഹോദരനെ കൊലപ്പെടുത്തി. തങ്ങളെല്ലാം മരിച്ചാൽ അനാഥയാകുമെന്നു കരുതി പെൺസുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴിനൽകിയെന്നാണ് വിവരം. സ്വയം വിഷം കഴിച്ച ശേഷം ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇവിടെയാണ് മഹശാസ്ത്രജ്ഞർ ഒരു സംശയം ഉന്നയിക്കുന്നത്. വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചയാൾ എന്തിനാണ് പോലീസ് സ്റ്റേഷനിലെത്തി കുറ്റ സമ്മതംനടത്തിയത്? ഇത് ശരിയായ മാനസികാവസ്ഥയായി പോലീസ് കരുതുന്നില്ല.
താൻ 'ആറു പേരെ' കൊലപ്പെടുത്തിയെന്ന് അഫാൻ പോലീസിനോടു തുറന്നുപറഞ്ഞത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണ്. . സഹോദരനടക്കം സ്വന്തം വീട്ടുകാരെയും പെൺസുഹൃത്തിനെയുമെക്കെ കൂട്ടക്കൊല നടത്തിയതിനെക്കുറിച്ച് ഒരു കൂസലുമില്ലാതെയുള്ള കുറ്റസമ്മതം കേട്ട് പോലീസും നടുങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ മൂന്നു വീടുകളിലായെത്തി നടത്തിയ ഈ ക്രൂരതയാണ് യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് കരുതാനുള്ള കാരണം.
ആളുകളുമായി വലിയ സമ്പർക്കമൊന്നുമില്ലെങ്കിലും വലിയ കുഴപ്പക്കാരനായിട്ടൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ ഇത്രയും ഹീനകൃത്യം നടത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സാമ്പത്തികപ്രതിസന്ധിയാണ് കൊലപാതകങ്ങൾക്കു കാരണമെന്ന് നാട്ടുകാരും വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കിൽ ഒരാൾ ആത്മഹത്യചെയ്യുകയല്ലേയുള്ളൂവെന്ന് നാട്ടുകാരിലൊരാൾ മാധ്യമങ്ങളോടു ചോദിച്ചു. സ്വബോധമുള്ള ഒരാൾക്കും സ്വന്തം വീട്ടുകാരെ കൂട്ടത്തോടെ ഇങ്ങനെ കൊലപ്പെടുത്താൻ കഴിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഒരു ചെറുപ്പക്കാരന്റെ മനസ്സിൽ ഇത്രമാത്രം ക്രൂരത കയറിക്കൂടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വീടുകൾ സന്ദർശിച്ചശേഷം ഡി.കെ.മുരളി എം.എൽ.എ. ആവശ്യപ്പെട്ടു. ലഹരിയുടെ ഉപയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തിരക്കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
സാധാരണക്കാർ ഉന്നയിക്കുന്ന ഇത്തരം സംശയങ്ങൾ തന്നെയാണ് പോലീസും ഉന്നയിക്കുന്നത്. ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് കടബാധ്യതയുണ്ടെങ്കിൽ ആ കുടുംബത്തെയും കുടുംബവുമായി ബന്ധപ്പെട്ടവരെയും കൊന്നൊടുക്കുന്നതിൽ പോലീസ് അസ്വാഭാവികത കാണുന്നു. അതാണ് സത്യമെങ്കിൽ അത് അപകടകരമായ ഒരു മാനസിക രോഗമായാണ് പോലീസ് കരുതുന്നത്. അതിന്റെ കാരണങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. മന:ശാസ്ത്രജ്ഞരുടെ സഹായം ഇക്കാര്യത്തിൽ പോലീസ് തേടിയതും അതുകൊണ്ടാണ്.
മാനസിക രോഗത്തിന്റെ പേരിൽ അഫാൻ ഊരിപോകാതിരിക്കാൻ പോലീസ് സുശക്തമായ നിയമോപദേശമാണ് വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ എണ്ണപ്പെട്ട അഭിഭാഷകരുമായി പോലീസ് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. സർക്കാർ തലത്തിലും അഫാൻ ഊരാതിരിക്കാനുള്ള മാർഗം കണ്ടെത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കാരണം ഇയാൾ ഊരിയാൽ അത് സർക്കാരിന് വലിയ നാണക്കേടാവും. ആറുപേരെ കൊന്ന ഒരാൾ ഈസിയായി ഇറങ്ങി പോയാൽ അത് പ്രോസിക്യൂഷന്റെ പോരായ്മയായി വ്യാഖ്യാനിക്കപ്പെടും.ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം ചോദ്യം ചെയ്യപ്പെടും.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത് സംഭവദിവസം പകല്‍ 11 മണിയോടെ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു ഭാഗത്ത് ആണി വലിച്ചെടുക്കുന്ന തരത്തിലുള്ള കനമേറിയ ചുറ്റികയാണ് 350 രൂപ കൊടുത്ത് അഫാന്‍ വാങ്ങിയത്. കൂട്ടക്കൊലയ്ക്ക് അഫാന്‍ ചുറ്റിക തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പൊലീസിനു വ്യക്തമായിട്ടില്ല.
ഏതെങ്കിലും സിനിമ കണ്ടതിന്റെ സ്വാധീനമാകാമെന്നാണു പൊലീസ് കരുതുന്നത്. മറ്റേത് ആയുധം ഉപയോഗിച്ചാലും ഇരകള്‍ കരഞ്ഞുവിളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചാല്‍ ആദ്യ അടിക്കു തന്നെ ബോധം നഷ്ടപ്പെടും. അതിനു ശേഷം ശബ്ദം പുറത്തുവരാത്ത തരത്തില്‍ കൊലപ്പെടുത്താന്‍ കഴിയുമെന്ന തന്ത്രമാണ് അഫാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സംഭവദിവസം രാവിലെ അമ്മ ഷെമിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ആക്രമിച്ചതിനു ശേഷമാണ് അഫാന്‍ വീട് പൂട്ടി ബൈക്കില്‍ വെഞ്ഞാറമൂട്ടിലെ കടയിലെത്തി ചുറ്റിക വാങ്ങിയിരിക്കുന്നത്. അമ്മ മരിച്ചെന്നു കരുതിയാണ് അഫാന്‍ വീട് വിട്ടത്. തുടര്‍ന്ന് പാങ്ങോടെത്തി ചുറ്റിക ഉപയോഗിച്ച് അമ്മൂമ്മയെ വകവരുത്തി. തുടര്‍ന്ന് എസ്എന്‍ പുരത്ത് പോയി പിതൃസഹോദരനെയും ഭാര്യയേയും കൊന്നതും ഇതേ ചുറ്റിക ഉപയോഗിച്ചു തന്നെ. തുടര്‍ന്ന് പെണ്‍സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന് മുകളിലത്തെ മുറിയില്‍ വച്ച് ചുറ്റികയ്ക്ക് അടിച്ചു വകവരുത്തി. കുഞ്ഞനുജനെയും ഇതേ ചുറ്റികയ്ക്കാണ് അടിച്ചിരിക്കുന്നത്. ഇതിനിടെ അമ്മയുടെ ഞരക്കം കേട്ട് അഫാന്‍ അവരെയും ചുറ്റിക ഉപയോഗിച്ച് വീണ്ടും അടിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്താന്‍ വെഞ്ഞാറമൂട് സിഐ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ താടിയെല്ലിനു സാരമായ പരുക്കുള്ളതിനാല്‍ ഷെമിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൊഴിയെടുപ്പ് നാളത്തേക്കു മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ 11 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംസ്ഥാന പോലീസിലെ ഉന്നതർ ഈ കേസിൽ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. എല്ലാ ദിവസവും അന്വേഷണ സംഘത്തിലെ അംഗങ്ങളെ ഉന്നത ഉദ്യോഗസ്ഥർ കേൾക്കുന്നുണ്ട്. മാനസിക രോഗം എന്ന തലത്തിലേക്ക് കാര്യങ്ങൾ വഴി മാറി പോകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ ജാഗരൂകരാണ്. യഥാർഥത്തിൽ അന്വേഷണ സംഘം അനുഭവിക്കുന്നത് വലിയ മാനസിക സംഘർഷമാണ്. അഫാനെ പരിശോധിക്കുന്ന ഡോക്ടർമാർ പോലീസിനോടാണ് കാര്യങ്ങൾ ബ്രീഫ് ചെയ്യുന്നത്. ചികിത്സയുടെ വിവരങ്ങൾ ചോരാതിരിക്കാൻ പോലീസ് ശ്രദ്ധിക്കുന്നുണ്ട്. അഫാന് ശിക്ഷ ഉറപ്പാക്കണമെന്ന് മാത്രമാണ് ഇപ്പോൾ പോലീസിന്റെ വാശി. ഇല്ലെങ്കിൽ നാളെ പലരും ഇത്തരത്തിൽ ചിന്തിക്കാമെന്ന് പോലീസ് കരുതുന്നു
https://www.facebook.com/Malayalivartha