ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി; കാന്‍സര്‍ സ്‌ക്രീനിംഗ് മാത്രമല്ല തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈല്‍സ് പറഞ്ഞു. ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയില്‍സിലെ സ്‌കില്‍ ഷോര്‍ട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കില്‍ഡ് ക്വാളിഫൈഡ് പ്രൊഫഷണല്‍മാരുടെ സേവനം പ്രയോജനപ്പെട്ടു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും സേവന സന്നദ്ധയും കാരണം വെയില്‍സില്‍ ധാരാളം അവസരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിനെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് കേരളം നൂതനവും ജനക്ഷേമകരവുമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് 30 വയസിന് മുകളിലുള്ളവര്‍ക്ക് കാന്‍സര്‍ ഉണ്ടോ എന്ന് കണ്ടെത്തുവാനുള്ള സ്‌ക്രീനിംഗ് പ്രോഗ്രാം. വികസിത രാജ്യങ്ങളില്‍ പോലും 40 വയസിന് മുകളിലുള്ളവരെ മാത്രം സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ 30 വയസിന് മുകളിലുള്ള എല്ലാവരേയുമാണ് സ്‌ക്രീന്‍ ചെയ്യുന്നത്. ഇത്രയും ജനകീയമായി നടക്കുന്നത് ഇവിടെയാണ്.
കാന്‍സര്‍ സ്‌ക്രീനിംഗ് മാത്രമല്ല തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍, സ്‌കൂള്‍ ഹെല്‍ത്ത് തുടങ്ങിയ പദ്ധതികളും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സുമായി 2024 മാര്‍ച്ച് ഒന്നിന് നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. വെയില്‍സിലെ ആരോഗ്യ മേഖലയിലേക്ക് പ്രതിവര്‍ഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ധാരണയായത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ സമയബന്ധിതമായും സുഗമമായും നടന്നതിനാല്‍, ധാരണയായതില്‍ നിന്നും അധികമായി 352 നഴ്‌സുമാര്‍ക്ക് വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിച്ചു. 94 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ, 31 ഡോക്ടര്‍മാര്‍ വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുകയും 21 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ 30 ഓളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് ഏഴിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 500 ഓളം പേര്‍ക്ക് നിയമനം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha