അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ് കൂടി; കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ; കെയര്‍ പദ്ധതിയിലൂടെ 100 കുട്ടികള്‍ക്ക് എസ്.എം.എ. ചികിത്സ

സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപൂര്‍വ രോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയ്ക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. 20 കുട്ടികള്‍ക്ക് ഗ്രോത്ത് ഹോര്‍മോണ്‍ കുറവിനായുള്ള ചികിത്സ ആരംഭിച്ചു. ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള 6 പേര്‍ക്കും സെന്റര്‍ ഓഫ് എക്സലന്‍സിന്റെ കീഴില്‍ ജിഎച്ച് തെറാപ്പി ആരംഭിച്ചു. രോഗികളെ മള്‍ട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി നല്‍കിയത്.
ശരീരത്തിലെ വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ് ഗ്രോത്ത് ഹോര്‍മോണ്‍. പിറ്റിയൂറ്ററി ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഹോര്‍മോണ്‍ ആണിത്. പേശികളുടെ വളര്‍ച്ചയ്ക്കും ബലത്തിനും ഇത് സഹായിക്കുന്നു. ഗ്രോത്ത് ഹോര്‍മോണിന്റെ കുറവ് കാരണം കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകാം. മുതിര്‍ന്നവരില്‍ പേശികളുടെ ബലക്കുറവ്, ക്ഷീണം, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഈ രോഗം ആരംഭത്തിലേ ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ച മുരടിപ്പിനും മറ്റ് ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ക്കും കാര്യമാകും.
അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പായി 2024 ഫെബ്രുവരി മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കിയും ഉയര്‍ത്തി. 2024ലാണ് എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്മെന്റ് തെറാപ്പി ആരംഭിച്ചത്. ഇതുകൂടാതെ എസ്എംഎ രോഗത്തിന് 100 കുട്ടികള്‍ക്ക് കെയര്‍ പദ്ധതിയുടെ ഭാഗമായി വിലയേറിയ ചികിത്സയും നല്‍കി വരുന്നു. എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, പീഡിയാട്രിക്സ് പ്രൊഫ. & എച്ച്ഒഡി ഡോ. ബിന്ദു ജിഎസ്, സ്പെഷ്യലിസ്റ്റ് ഡോ. ശങ്കര്‍ വിഎച്ച്, ഡോ. റിയാസ് ഐ, ഡോ. വിനിത എഒ, നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha