നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം: അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തിങ്കളാഴ്ച

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ സിങ്കിള്‍ ബെഞ്ച് മുന്‍പാകെ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അത് തള്ളുകയാണുണ്ടായത്. തല്‍ക്കാലം എസ്ഐടി ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തട്ടെ, ഡിജിപി പ്രത്യേകമായി മേല്‍നോട്ടത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കട്ടെ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സിങ്കിള്‍ ബെഞ്ച് കണ്ടെത്തി.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും, അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണ് ഉയര്‍ത്തുന്നതെന്നും, വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha