കുടുംബത്തിന് എഴുപത് ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം; അഫാന് തുടർച്ചയായി കാവലിരുന്ന പോലീസുകാരൻ കുഴഞ്ഞുവീണു...

സാമ്പത്തിക ബാധ്യതയാണ് കൂട്ടകൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെ കുടുംബത്തിന് എഴുപത് ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നതായി അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാൽ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നൽകിയത്.
എന്നാൽ ബാങ്ക് രേഖകളിൽ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി.
ഇതിനിടെ തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും.
ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ അഫാന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരിൽ ഒരാൾ ഇന്നലെ രാവിലെ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു.
അഫാനെ പാർപ്പിച്ചിരുന്ന സെല്ലിനു മുന്നിൽ 3 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല നൽകിയിരുന്നത്. അഫാൻ രാത്രിയിൽ കുറച്ചുമാത്രമേ ഉറങ്ങിയുള്ളു. തുടർച്ചയായ ഡ്യൂട്ടിയിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. തുടർന്ന് ഇയാളെ കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതി അഫാനും രാവിലെ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് തിരികെ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട്, വൈകിട്ട് 4നാണ് തെളിവെടുപ്പിനായി പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha