ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി; പപ്പ മമ്മിയെ എപ്പോഴും തല്ലുമെന്ന് കുട്ടികൾ...

ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്ക് ആയ നിലയിലാണ്. മൊബൈൽ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.
ഇതിനിടെ മക്കളുമായി ജീവനൊടുക്കിയ ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴികള്‍ പൂർണമായി മുഖവിലയ്‌ക്കെടുക്കാതെ പോലീസ്. സ്വന്തം വീട്ടില്‍ നിന്നും ഷൈനി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. നോബിയുടെ വീട്ടുകാരുടെ സമ്മര്‍ദ്ദം പോലും ഇതിന് പിന്നിലുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്.
വീടിന് എതിര്‍വശമുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്കെത്തിയത്. ഇളയമകള്‍ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. കേസില്‍ നിര്‍ണായക തെളിവായി മാറുന്നത് ഷൈനിയുടെ ഫോണ്‍ ആണ്. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് പൊലീസിന്റെ നിഗമനം.
ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ ഇതിനെല്ലാം ശാസ്ത്രീയ തെളിവും കിട്ടും. ഇതാണ് ഫോണ്‍ കിട്ടാത്തതു മൂലമുള്ള പ്രതിസന്ധി രൂക്ഷമാക്കുന്നത്.
സാധാരണ എല്ലാ ദിവസവും പുലർച്ചെ പള്ളിയിൽ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാൻ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യിൽ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂത്തകുട്ടി ഇവരുടെ പിന്നാലെ പോകുന്നതും കാണാം. പിന്നീട് രാവിലെ 5.20ന് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടിയാണ് ഷൈനിയും കുട്ടികളും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ജീവിതം അവസാനിപ്പിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് അവസാനത്തെ വഴിയും തേടി മടുത്ത് തന്റെ സുഹൃത്ത് ജെസിയോട് സംസാരിച്ചത് ഹൃദയഭേദകമായാണ്. ഷൈനിക്ക് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സാമ്പത്തിക ബാധ്യതകള്‍ ഏറെയാണ്. ഭര്‍ത്താവ് വക്കില്‍ നോട്ടീസ് സ്വീകരിക്കാത്ത സാഹചര്യം പോലുമുണ്ടായി. ആ ശബ്ദരേഖ പുറത്ത് വന്നിരുന്നു.
അവസാന നിമിഷം വരെ ഷൈനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മക്കളെ എവിടെയെങ്കിലും സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം ജീവിത യുദ്ധം തുടരണമെന്നായിരുന്നു ഷൈനിയുടെ ആഗ്രഹം. മക്കളെ സംരക്ഷിക്കേണ്ടത് ഉള്ളതിനാലാണ് ഷൈനിക്ക് ജോലി തേടി ദൂരേക്ക് പോകാന്‍ കഴിയാതെയിരുന്നത്. അതുകൊണ്ടാണ് കാരിത്താസ് അടക്കം കോട്ടയത്തെ ഏതാണ് പന്ത്രണ്ടോളം ആശുപത്രികളില്‍ ജോലി തേടിപ്പോയത്. അവിടെയൊന്നും ഷൈനിക്ക് ജോലി കിട്ടിയില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കരിയറില്‍ വന്ന ഇടവേളയാണെങ്കില്‍ രണ്ടാമത്തേത് ഭര്‍ത്താവ് നോബിയുടെ സഹോദരനായ ഫാദര്‍ ബോബിയുടെ തെറ്റായ ഇടപെടലാണ്.
ഈ പശ്ചാത്തലത്തില്‍ ഷൈനിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു. അങ്ങനെ മക്കളെ ഹോസ്റ്റലിലാക്കാന്‍ ഷൈനി തീരുമാനിക്കുകയായിരുന്നു. ഹോസ്റ്റലിലായാല്‍ പിന്നെ അവരുടെ കാര്യം ശരിയാകുമല്ലോ എന്നായിരുന്നു പ്രതീക്ഷ. മക്കള്‍ പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളിലെയും എസ് എഫ് എസിലെയും ഹോസ്റ്റലുകളില്‍ അവസരം തേടിയിരുന്നു. ഒടുവില്‍ ഒരു ഹോസ്റ്റലില്‍ പോയി മക്കളെ ഏല്‍പ്പിക്കാന്‍ ഷൈനി അവര്‍ പറഞ്ഞ എല്ലാ നിബന്ധനകളും അംഗീകരിച്ചിട്ടും തീരുമാനം ഉണ്ടായില്ല. ആ ഹോസ്റ്റലില്‍ കൂടി അവസരം നിഷേധിച്ചതുകൊണ്ടാകാം ഷൈനി ഒടുവില്‍ മക്കള്‍ക്ക് ഒപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
മക്കളെ ഒറ്റയ്ക്കിട്ടിട്ട് ജോലിക്ക് പോകാന്‍ ഷൈനിക്ക് പേടിയായിരുന്നു. ബാന്ദ്രയിലെ ഒരു ആശുപത്രിയില്‍ ജോലി ശരിയായിരുന്നു. പക്ഷെ മക്കളെ ഹോസ്റ്റലില്‍ താമസിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി വന്നില്ല. ഷൈനി മുമ്പ് ജോലി ചെയ്ത റോസമിസ്റ്റിക എന്ന കെയര്‍ ഹോമില്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തായ ജെസിയോട് പറയുന്നതിന്റെ ശബ്ദരേഖയില്‍ അവസാന നാളുകളില്‍ ഷൈനി നേരിട്ട പ്രതിസന്ധി വ്യക്തമാണ്. കൂടാതെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നു എന്ന് ഷൈനി പറഞ്ഞിരുന്നു. ജോലിയ്ക്ക് വരുമ്പോൾ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നു.
എപ്പോഴും വിഷമത്തോടെയാണ് ഷൈനിയെ കണ്ടിരുന്നതെന്ന് ഷൈനി ജോലി ചെയ്‌തിരുന്ന കെയർ ഹോം ഉടമ ഫ്രാൻസിസ് വെളിപ്പെടുത്തുന്നു. ഷൈനി മാത്രമല്ല ഷൈനിയുടെ കുട്ടികളും പപ്പ മമ്മിയെ തല്ലുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും ഫ്രാൻസിസ് വ്യക്തമാക്കി. വൈദികനായ ഷൈനിയുടെ ഭർതൃസഹോദരന് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിദേശത്തുള്ള വൈദികനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha