തെളിവെടുപ്പ് പൂർത്തിയായി; ഭാവഭേദമില്ലാതെ പോലീസിനോട് എല്ലാം വിവരിച്ച് അഫാൻ: ഉമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത് രണ്ട് വട്ടം...

പ്രതി അഫാനുമായി വെഞ്ഞാറമൂട് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കൃത്യത്തിനു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ പിതൃമാതാവിന്‍റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സ്ഥലത്ത് ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് വൻ പൊലീസ് സുരക്ഷയിലായിരുന്നു. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വൈകിട്ടോടെ നെടുമങ്ങാട് കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തിൽ കിളിമാനൂർ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചിരുന്നു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നുവെന്നും അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അവിടെ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പറഞ്ഞു. അതേസമയം, തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് വിവരിച്ചു നൽകിയത്. ബാഗിൽ ആയുധം വച്ച് വീട്ടിലെത്തിയെന്നും ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് അമ്മയുടെ കഴുത്ത് ഞെരിച്ച് തല ചുമരിൽ ഇടിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ കതക് തുറന്ന് കയറിയപ്പോൾ അമ്മ നിലത്ത് കിടന്ന് കരയുന്നത് കണ്ടു വീണ്ടും തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
സ്റ്റേഷനിൽ അഫാണ് പ്രിയപ്പെട്ട ആഹാരവും പോലീസ് നൽകിയിരുന്നു. ഭക്ഷണം കഴിക്കുന്നതിൽ വിമുഖത കാട്ടിയപ്പോൾ എന്താണ് പ്രശ്‌നമെന്ന് പൊലീസ് ചോദിച്ചു. താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ആഹാരങ്ങൾ കഴിക്കുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. തുടർന്ന് പൊലീസ് ഇവ വാങ്ങിനൽകി. നേരത്തെ ഊണിനൊപ്പം മീൻ കറി ഇല്ലേയെന്ന് അഫാൻ പൊലീസിനോട് ചോദിച്ചിരുന്നു.
രാത്രി സെല്ലിൽ വിരിച്ചുകിടക്കാൻ പൊലീസ് പത്രം നൽകിയിരുന്നു. ഇത് മുഴുവനും അഫാൻ വായിച്ചുതീർത്തു. തുടർന്ന് പൊലീസ് പത്രം തിരികെ വാങ്ങി. തനിക്ക് നിലത്ത് കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പൊലീസ് അഫാന് പായയും വാങ്ങിനൽകി. കൊലപാതകത്തിനായി ഇരുമ്പ് കമ്പി വാങ്ങാനാണ് ആദ്യം ഉദ്ദേശിച്ചത്. കൊണ്ടുനടക്കാൻ എളുപ്പത്തിനാണ് പിന്നീട് ചുറ്റിക വാങ്ങിയതെന്നാണ് മൊഴി. കൊലപ്പെടുത്തിയതിന്റെ രീതി ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.ഇനി മുന്നോട്ടു പോകാൻ കഴിയാത്തവിധം കടം പെരുകിയതോടെയാണ് കൊല ചെയ്യാൻ തീരുമാനിച്ചത്.
ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ളേഡ് പലിശക്കാരിൽ നിന്നാണ് കൂടുതൽ പണവും വാങ്ങിയത്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കിന് പുറമെ കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. താൻ നൽകിയ മാല ഫർസാനയും അഫാനോട് നിരന്തരം തിരികെ ആവശ്യപ്പെട്ടു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല നൽകിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന മാല തിരികെ ആവശ്യപ്പെട്ടത്.
അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അഫാന്റെയും ഷെമിയുടെയും മൊബൈലിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ അഫാന്റെ പിതാവ് റഹിം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുറച്ച് പണം നാട്ടിലേയ്ക്ക് അയച്ചുവെന്ന് റഹിം പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ബാങ്ക് രേഖകളിൽ ഇത് കാണുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/Malayalivartha