അഫാൻ കൃത്യം നടത്തിയത് വമ്പൻ പ്ലാനിങ്ങോടെ: മുളകുപൊടി വാങ്ങി: ഉമ്മയെ ആക്രമിച്ച് മുറി പൂട്ടി താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു; ലത്തീഫിന്റെ മൃതദേഹത്തിന് മുന്നിരുന്ന് മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം ബാറിലേയ്ക്ക്...

സ്വന്തം ഉമ്മയെയും സഹോദരനെയും ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കൊലപ്പെടുത്താന്‍ ഉറച്ച രാത്രിയില്‍ അഫാൻ നടത്തിയത് വൻ പ്ലാനിംഗ് എന്ന് പോലീസ്. ഇതിന്റെ ഭാഗമായാണ് അഫാന്‍ തന്റെ വീട്ടിലേക്ക് ഫര്‍സാനയേയും എത്തിച്ചത്. മാതാവ് ഷെമിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രയാസങ്ങളില്‍ ഞെരുങ്ങി കൂട്ട ആത്മഹത്യ ചെയ്യാനാണ് അഫാന്റെ കുടുംബം തീരുമാനിച്ചതെങ്കില്‍ അഫാന്‍ വീട്ടിലേക്ക് ഫര്‍സാനയേക്കൂടി വിളിച്ചുകൊണ്ട് വന്നതെന്തിനെന്ന ചോദ്യം പൊലീസിനെ കുഴക്കിയിരുന്നു.
താന്‍ കൊലപാതകം നടത്തിയ സാഹചര്യത്തില്‍ ഫര്‍സാനയ്ക്ക് ആരുമില്ലാത്ത അവസ്ഥ വരാതിരിക്കാനാണ് ഫര്‍സാനയെക്കൂടി കൊന്നതെന്ന് അഫാന്‍ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. തെളിവെടുപ്പ് വേളയിലാണ് അഫാന്‍ മാലയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറയുന്നത്. അബ്ദുള്‍ റഹീമിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. തനിക്ക് ഫര്‍സാനയോട് പ്രണയമല്ല, കടുത്ത പകയാണ് തോന്നിയതെന്നാണ് അഫാന്റെ പുതിയ മൊഴി.
പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാനെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.
ലത്തീഫിനെ കൊല്ലാന്‍ പോകുമ്പോള്‍ നാഗരുകുഴിയിലുള്ള കടയില്‍ നിന്നും സിഗരറ്റും മുളകുപൊടിയും അഫാന്‍ വാങ്ങിയിരുന്നു. കൊല നടത്തുമ്പോള്‍ ആരെങ്കിലും വന്നാല്‍ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ ബാഗില്‍ നിന്നും പൊലീസ് മുളകുപൊടി കണ്ടെടുത്തു. ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദ്ദേഹത്തിന് മുന്നിരുന്ന് അഫാന്‍ മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷമാണ് വീട് വിട്ടിറങ്ങിയത്. ഇതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350 എംഎല്‍ മദ്യം കുപ്പിയില്‍ വാങ്ങി.
ഇതിന് ശേഷമാണ് ഫര്‍സാനയെ കൂട്ടി കൊണ്ടു വരാന്‍ പോയത്. പേരുമലയിലെ വീട്ടില്‍ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഷാൾ ഉപയോഗിച്ച് ഉമ്മയെ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് അഫാൻ ആദ്യം ശ്രമിച്ചത്. രക്തംവാർന്ന നിലയിൽ ഉമ്മയെ മുറിയിലിട്ട ശേഷം ഇയാൾ മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിയ അഫാൻ മുറിയിൽ നിന്ന് അമ്മയുടെ ഞെരക്കം കേട്ടതോടെ വീണ്ടും ആക്രമിച്ചു. തുടർന്നാണ് മുറി പൂട്ടിയത്. ആക്രമണം നടത്തുമ്പോൾ ശബ്ദം കേട്ട് ആരെങ്കിലുമെത്തിയാൽ അവരെ നേരിടാൻ അപ്പോഴും താൻ മുളകുപൊടി കരുതിയിരുന്നതായും ഇയാൾ മൊഴി നൽകി. മുളകുപൊടി മുഖത്തേക്കെറിഞ്ഞ് അവരെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം.
കൂടാതെ ഷെമിയെ ആക്രമിച്ച വിവരം പുറത്തറിയാതിരിക്കാനും, ആരും ഇവിടേയ്ക്ക് കയറാതിരിക്കാനും ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചിരുന്നു. പേരുമലയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ താക്കോൽ കണ്ടെടുത്തു.
അഫാന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പ്രതിയുടെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ കസ്റ്റഡി അപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടേക്കും. തുടർന്ന് ഇതിലെ തെളിവെടുപ്പ് ഉണ്ടാകും.
https://www.facebook.com/Malayalivartha