ഈ കളി മറക്കില്ല... ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കി സ്പിന്‍ പട; നിര്‍ണായക സമയത്ത് മികച്ച ബാറ്റിംഗ് നടത്തി രോഹിത് ശര്‍മ്മ; വെല്ലുവിളി മറികടന്ന് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാര്‍

രോഹിത് ശര്‍മ്മ കളം നിറഞ്ഞതോടെ മികച്ച റണ്‍ റേറ്റില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 100 കടന്നു. എന്നാല്‍ ഫിലിപ്‌സിന്റെ മാന്ത്രിക ക്യാച്ചോടെ കാര്യങ്ങള്‍ കൈവിട്ട മട്ടായിരുന്നു. എങ്കിലും ആവേശ പോരാട്ടത്തില്‍ ഇന്ത്യ ജയിച്ച് കപ്പ് നേടി.
ടൂര്‍ണമെന്റിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന്റെ ആവേശത്തിലേക്ക് കാത്തുവച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ക്ക് ശ്വാസം വിടാന്‍ പോലും അവസരം നല്‍കാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നര്‍മാര്‍, തുടര്‍ച്ചയായി വിക്കറ്റ് വീണാലും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ ക്രീസിലുറച്ചുനില്‍ക്കുന്ന മധ്യനിരയുടെ നിശ്ചദാര്‍ഢ്യം, ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തില്‍ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി മാറ്റിയ ആരാധകക്കൂട്ടം, മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന 'ഒറ്റ വേദി'യില്‍ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം മുതല്‍ ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരാട്ടം വരെ ഒറ്റക്കെട്ടായി പൊരുതിയ ടീം ഇന്ത്യ അവസാനം വിജയിച്ചു.
വര്‍ഷങ്ങള്‍ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനു ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തിനായി ഇന്ത്യന്‍ താരങ്ങളും ആരാധകരും അതിയായി ആഗ്രഹിച്ചപ്പോള്‍, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ പ്രപഞ്ചം ഒന്നടങ്കം ആ ആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നു. ഫലം, ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനു ശേഷം ചാംപ്യന്‍സ് ട്രോഫിയില്‍ നീലപ്പടയുടെ മുത്തം. ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയില്‍നിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി വിജയമാണിത്. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച രോഹിത് ശര്‍മയാണ് കളിയിലെ താരം. ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ താരം രചിന്‍ രവീന്ദ്ര ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 251 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഇടയ്ക്കുണ്ടായ സമ്മര്‍ദ്ദ നിമിഷങ്ങളെ വിദഗ്ധമായി മറികടന്ന ഇന്ത്യയ്ക്കായി, 49ാം ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറിയുമായി രവീന്ദ്ര ജഡേജയാണ് വിജയറണ്‍ കുറിച്ചത്. 33 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍.രാഹുലിന്റെ പ്രകടനവും നിര്‍ണായകമായി.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (83 പന്തില്‍ 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്‍ 105 ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടുമൊരു 'അദ്ഭുത' ക്യാച്ചിലൂടെ പുറത്താക്കിയത് നിര്‍ണായകമായി.
'ശൂന്യത'യില്‍നിന്ന് ഫിലിപ്‌സ് സമ്മാനിച്ച വിക്കറ്റിന്റെ ആവേശത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ന്യൂസീലന്‍ഡ്, വിരാട് കോലിയെയും രോഹിത് ശര്‍മയെയും പുറത്താക്കി മത്സരം ആവേശകരമാക്കി. ബ്രേസ്‌വെല്ലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി കോലി പുറത്തായത് ആരാധകര്‍ക്കു ഞെട്ടലായി. കോലി ഡിആര്‍എസ് എടുത്തെങ്കിലും തീരുമാനം അനുകൂലമായില്ല. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്.
സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ, ഇടയ്ക്ക് റണ്‍നിരക്കിലുണ്ടായ വര്‍ധനവിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27ാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.
പിന്നീട് മധ്യനിരയില്‍ അക്ഷര്‍ പട്ടേലും ശ്രേയസും അയ്യരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിന്‍ രവീന്ദ്ര തകര്‍പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.
ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്‍ന്നെങ്കിലും, സ്‌കോര്‍ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
" f
https://www.facebook.com/Malayalivartha