മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: മൃതദേഹങ്ങള്‍ മമ്മിഫൈഡ് ആയെന്ന് റിപ്പോർട്ട്...

പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ അതായത് മമ്മിഫൈഡ് ആയിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
നിയമത്തിനു മുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയർന്നിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പോലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
കുമ്പള പോലീസ് സ്‌റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛനായ പ്രിയേഷിന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച് ഓഫ് ആയി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു.
പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാപകമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹർജി ഫയല്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha