മീനമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും..... ഫ്‌ളൈഓവറില്‍ കയറാതെ ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താം...

മീനമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. ഫ്‌ളൈഓവറില്‍ കയറാതെ ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താനാകും. പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര വഴി സോപാനത്ത് നേരിട്ട് എത്താവുന്ന തരത്തിലാണ് ക്രമീകരണമുള്ളത്. ഇതിലൂടെ 30 സെക്കന്‍ഡോളം അയ്യപ്പനെ ദര്‍ശിക്കാന്‍ കഴിയും.
നിലവിലിപ്പോള്‍ പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ ഇടത്തേക്കു തിരിഞ്ഞ് ഫ്‌ലൈഓവറില്‍ ക്യൂ നിന്നാണ് സോപാനത്ത് എത്തുന്നത്. തിരക്കുള്ളപ്പോള്‍ രണ്ടോ മൂന്നോ സെക്കന്‍ഡ് മാത്രമാണ് ദര്‍ശനം ലഭിക്കുക. ബലിക്കല്‍പുരയില്‍ നിന്ന് അകത്തേക്കുകടന്ന് രണ്ടു ക്യൂവിലായി 50 പേര്‍ക്ക് ഒരേസമയം ദര്‍ശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണമുള്ളത്.
ദീര്‍ഘ ചതുരാകൃതിയിലുള്ള കാണിക്കവഞ്ചി ഉപയോഗിച്ചാണ് ക്യൂവിനെ വേര്‍തിരിക്കുന്നത്. ഇതുമൂലം കാണിക്കപ്പണം നേരിട്ട് തിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ കഴിയും.
ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവര്‍ക്ക് വടക്കേനടയിലൂടെ ക്യൂവില്‍ പ്രവേശിച്ച് ദര്‍ശനം നടത്താനാകും. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ക്യൂവുണ്ടാകും.
14ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറക്കുന്നതാണ്. 19ന് രാത്രി 10ന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂവഴിയും സ്പോട്ട് ബുക്കിംഗിലൂടെയും ദര്‍ശനം നടത്താനാകും
https://www.facebook.com/Malayalivartha