എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹാജരാക്കിയ രേഖകള്‍ പി.പി. ദിവ്യയ്ക്ക് കൈമാറാന്‍ നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ കേസിലെ കുറ്റാരോപിത പി.പി. ദിവ്യയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കൈമാറാന്‍ റജിസ്ട്രിക്ക് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കി. ദിവ്യ നല്‍കിയ ഉപഹര്‍ജിയിലാണ് നടപടി. നേരത്തെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിരസിച്ചിരുന്നു.
നരഹത്യ സാധ്യത മുന്‍നിര്‍ത്തി നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം നടത്തുന്നില്ലെന്നും നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എന്നുമായിരുന്നു മഞ്ജുഷ സമര്‍പ്പിച്ച അപ്പീലില്‍ പറഞ്ഞിരുന്നത്. കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്നത് എസ്‌ഐടി അന്വേഷിക്കുന്നില്ല. നിലവിലെ അന്വേഷണം തെറ്റായ ദിശയിലാണെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി. ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും അപ്പീലില്‍ ആരോപിച്ചിരുന്നു. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. എന്നാല്‍ നരഹത്യ സാധ്യത അടക്കം അന്വേഷിക്കാന്‍ തയാറാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ട് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha