കുട്ടികള്‍ക്ക് അടിസ്ഥാന ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ നീക്കം

പരീക്ഷകളില്‍ കുട്ടികള്‍ മികച്ച മാര്‍ക്ക് നേടാന്‍ സ്‌കൂളിലെ പഠനം മാത്രം പോര എന്ന രക്ഷകര്‍ത്താക്കളുടെ ചിന്തയാണ് സംസ്ഥാനത്ത് ട്യൂഷന്‍ സെന്ററുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍. ഇപ്പോഴിതാ കുട്ടികള്‍ക്ക് അടിസ്ഥാന ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമാക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷ സമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്.
വീടുകളുടെ ടെറസിന് മുകളില്‍ ആസ്ബസ്റ്റോസ് കൊണ്ടുള്ള മേല്‍ക്കൂര നിര്‍മിച്ച് ആണ് പല സ്ഥലങ്ങളിലും ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് പലതിന്റേയും പ്രവര്‍ത്തനം. ഇത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷന്‍ കേന്ദ്രങ്ങളില്‍ ഡിജെ പാര്‍ട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കില്‍ അക്കാര്യം അതത് പൊലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം.
സ്‌കൂള്‍ ജാഗ്രത സമിതികള്‍ യോഗം വിളിച്ച് കുട്ടികള്‍ ഉള്‍പ്പെടുന്ന ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കുട്ടികള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങള്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈല്‍ഡ്ലൈന്‍ നമ്പറും ഏതൊക്കെ വിഷയങ്ങളില്‍ ചൈല്‍ഡ്ലൈനില്‍ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോര്‍ഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിര്‍ബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷന്‍ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ജില്ലയില്‍ പല ട്യൂഷന്‍ കേന്ദ്രങ്ങളും രജിസ്ട്രേഷന്‍ ഇല്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് അടിസ്ഥാന ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തവര്‍ പരാതി ഉന്നയിച്ചു.
https://www.facebook.com/Malayalivartha