കെ.എസ്.ആര്‍.ടി.സി തൊടുപുഴ ബഡ്ജറ്റ് ടൂറിസം സമ്പാദിച്ചത് 80 ലക്ഷം രൂപ

തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ മാത്രം വിനോദയാത്രയിലൂടെ സമ്പാദിച്ചത് 80 ലക്ഷം രൂപ. 2022 മുതല്‍ 2024 വരെയുള്ള രണ്ട് വര്‍ഷക്കാലയളവിലാണ് കെ.എസ്.ആര്‍.ടി.സി തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ (ബി.ടി.സി) ഇത്രയും തുക കരസ്ഥമാക്കിയത്.
ജില്ലയില്‍ 2022 ജൂലായ് 17നാണ് കെ.എസ്.ആര്‍.ടി.സി തൊടുപുഴ ബി.ടി.സി ആദ്യ യാത്ര നടത്തിയത്. 37 യാത്രക്കാരുമായി നാടുകാണി വഴി വാഗമണ്ണിലേക്ക് തുടങ്ങിയ വിജയയാത്ര കഴിഞ്ഞ എട്ടിന് 200-ാമത് യാത്ര മൂന്നാറിലേക്ക് നടത്തി ജൈത്രയാത്ര തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി പ്രതിമാസം ശരാശരി നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള തുകയാണ് തൊടുപുഴയില്‍ നിന്ന് മാത്രമായി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് ലഭിക്കുന്ന വരുമാനം. കഴിഞ്ഞ വര്‍ഷം മേയ്, സെപ്തംബര്‍ മാസങ്ങളില്‍ ഒമ്പത് ലക്ഷം രൂപ കളക്ഷന്‍ നേടി സംസ്ഥാന തലത്തില്‍ തന്നെ മികച്ച നേട്ടവും തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ സ്വന്തമാക്കിയിട്ടുണ്ട്. 200-ാമത് യാത്ര പൂര്‍ത്തീകരിച്ചപ്പോള്‍ ആറായിരത്തിലധികം യാത്രക്കാര്‍ ബി.ടി.സിയുടെ ഭാഗമായി എന്നതും പ്രത്യേകതയാണ്.
തൊടുപുഴയ്ക്ക് പുറമെ കട്ടപ്പന, കുമളി, മൂലമറ്റം, മൂന്നാര്‍ എന്നിവിടങ്ങളിലും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രവര്‍ത്തനം സജീവമാണ്. മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് ഇറക്കിയതോടെ ഇവിടെ നിന്നും മികച്ച കളക്ഷനാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നത്. മറ്റ് ഡിപ്പോകളിലും ഈ പദ്ധതി വഴി ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുമുണ്ട്.
നിലവില്‍ തൊടുപുഴയില്‍ നിന്ന് നടത്തുന്ന ഗവി, ആലപ്പുഴ അര്‍ത്തുങ്കല്‍ പള്ളി, കൊച്ചി കപ്പല്‍യാത്ര, വട്ടവട, കാന്തല്ലൂര്‍ ചതുരംഗപ്പാറ, ഇല്ലിക്കല്‍കല്ല്, വാഗമണ്‍, വര്‍ക്കല ശിവഗിരി, അതിരപ്പിള്ളി മലക്കപ്പാറ, രാമക്കല്‍മേട്, അഞ്ചുരുളി, വയനാട് എന്നീ വിനോദ യാത്രകള്‍ക്ക് പുറമെ നിരവധി തീര്‍ത്ഥാടന യാത്രകളും അന്തര്‍സംസ്ഥാന യാത്രകളും ബഡ്ജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ഇതിനായി രണ്ട് ഫാസ്റ്റ് സര്‍വീസുകളാണ് തൊടുപുഴ യൂണിറ്റിലുള്ളത്. ഗവി റൂട്ടില്‍ മാത്രം 36 സീറ്റ് വണ്ടിയും മറ്റ് സ്ഥലങ്ങളിലേക്ക് 50 സീറ്റ് വണ്ടികളുമാണ് പദ്ധതിക്കായി സര്‍വീസ് നടത്തുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യയാത്ര ഒരുക്കുന്നതിന് പുറമേ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവും അധികൃതര്‍ നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha