വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് താന്‍ ചെയ്ത ക്രൂരതകളെക്കുറിച്ച് അഫാന്‍ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പിതൃമാതാവിന്റെ സ്വര്‍ണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ഇയാളെ വകവരുത്താന്‍ കാരണം.
അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്. അഫാനെ കണ്ടയുടന്‍ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നു.
ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റര്‍ അപ്പുറം കാട്ടിലേക്കെറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈമൊബൈല്‍ ഫോണ്‍ അഫാന്റെ സാന്നിദ്ധ്യത്തില്‍ പൊലീസ് ഇന്നലെ കണ്ടെത്തി. ആക്രമണം തടസപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാന്‍ മുളകുപൊടിയും അഫാന്‍ വാങ്ങിവച്ചിരുന്നു. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയും ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha