കെ.സി.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കെ.സി.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിനു കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയാണ് കെ.സി.വേണുഗോപാല്‍ കോടതിയെ സമീപിച്ചത്.
വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ബോധപൂര്‍വം നടത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ നേരത്തെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ ശോഭാ സുരേന്ദ്രന്‍ തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും കെ.സി.വേണുഗോപാല്‍ പരാതിയും നല്‍കിയിരുന്നു. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ കെ.സി.വേണുഗോപാലിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത് ശോഭാ സുരേന്ദ്രനായിരുന്നു.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നായിരുന്നു ശോഭയുടെ ആരോപണം.
കിഷോറാം ഓലയും കെ.സി.വേണുഗോപാലും ചേര്‍ന്ന് രാജ്യാന്തര തലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബെനാമി പേരില്‍ വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ.സി.വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha