അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞു: വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞതിന് വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ മഞ്ചേരി പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു. തിരൂര്‍ പൊലീസിന്റെ സഹായത്തോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പോകുന്നു എന്നുപറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു.
സമയം ഏറെ വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായ വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസും ബന്ധുക്കളും തിരച്ചല്‍ ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ കുട്ടി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് ലൊക്കേറ്റ് ചെയ്ത് ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ആലപ്പുഴ സ്വദേശിയാണെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമായിരിന്നു മറുപടി.
വിശദമായ ചോദ്യം ചെയ്യലില്‍ മഞ്ചേരി എസ് സിപിഒ നിഷാദിനോട് യുവാവ് കാര്യങ്ങള്‍ വിവരിച്ചു. താന്‍ എറണാകുളത്തുനിന്ന് തിരൂരിലേക്ക് ട്രെയിനില്‍ വന്നു കൊണ്ടിരിക്കുകയാണെന്നും കുട്ടി ഇപ്പോള്‍ എവിടെയാണെന്നറിയില്ലെന്നും കുറച്ചു സമയങ്ങള്‍ക്ക് മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നതായും യുവാവ് പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് പെണ്‍കുട്ടി വിളിച്ചിരുന്ന നമ്പറിലേക്ക് വിളിച്ചു.
എന്നാല്‍ ഫോണ്‍ മറ്റൊരു യാത്രക്കാരിയുടേതായിരുന്നു. സഹോദരനെ വിളിക്കാനാണെന്നു പറഞ്ഞ് ബസ് സ്റ്റാന്‍ഡില്‍കണ്ട സ്ത്രീയുടെ ഫോണില്‍നിന്നാണ് പെണ്‍കുട്ടി സുഹൃത്തിനെ ബന്ധപ്പെട്ടത്. പിന്നീട് സ്ത്രീ നല്‍കിയ വിവരം അനുസരിച്ച് തിരൂര്‍ എസ് ഐ സുജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മഞ്ചേരി വനിതാ പൊലീസ് കുട്ടിയെ തിരികെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha