ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും... വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അഞ്ചു രൂപ ഫീസ് ഈടാക്കും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം രൂപ നല്‍കി ശബരിമല റിലീഫ് ഫണ്ട് രൂപീകരിക്കും.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അഞ്ചു രൂപ ഫീസ് ഈടാക്കുന്നതാണ്. ഈ പണം റിലീഫ് ഫണ്ടിലേക്ക് മാറ്റാനും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. റിലീഫ് ഫണ്ടിലേക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പണമെത്തിക്കാനും ആലോചിക്കുന്നുണ്ട്.എരുമേലി മുതല്‍ കാനനപാത വഴി സന്നിധാനം, എരുമേലി കണമല - നിലയ്ക്കല്‍ - സന്നിധാനം, നിലയ്ക്കല്‍ - പമ്പ - സന്നിധാനം, വണ്ടിപ്പെരിയാര്‍ - സത്രം - പുല്‍മേട് സന്നിധാനം പാതകളിലും കാനന പാതയിലുമുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
അഞ്ച് ലക്ഷം അപകട ഇന്‍ഷ്വറന്‍സ് മാത്രമാണ് ഇപ്പോഴുള്ളത്. ശബരിമലയിലും സേഫ് സോണുകളിലുമുണ്ടാകുന്ന അപകട മരണങ്ങള്‍ക്കേ ഇത് ലഭ്യമാകുകയുള്ളൂ.
അതേസമയം കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 37 തീര്‍ത്ഥാടകരാണ് പലവിധ കാരണങ്ങളാല്‍ മരിച്ചത്. ഇതില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് ഇന്‍ഷ്വറന്‍സ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഹൃദയാഘാതമുള്‍പ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മൂലം മരിക്കുന്നവര്‍ക്കും പരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ പറഞ്ഞു. നിലവിലുള്ള പരിരക്ഷ തുടരും.
ഏതെങ്കിലും ഒരു കവറേജ് മാത്രമാണ് ലഭിക്കുക. അടുത്ത തീര്‍ത്ഥാടനത്തിന് മുമ്പു പദ്ധതി നടപ്പിലാക്കുന്നതാണ്. തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് 12 വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha