പ്രമുഖ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു...

പ്രമുഖ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാവിലെ 11.20 നു കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച് എപ്പോഴും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. 1949ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് കെ.കെ. കൊച്ച് ജനിച്ചത്. കല്ലറ എന്‍. എസ്.എസ്. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വിദ്യാര്‍ഥിയായിരിക്കെ 16 ദിവസം ജയില്‍ശിക്ഷയനുഭവിച്ചിരുന്നു. 1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്കു രണ്ടാം സമ്മാനം ലഭ്യമായി.
അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ആറുമാസക്കാലം ഒളിവിലായി. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശസമിതി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി.
1986-ല്‍ 'സീഡിയന്‍' എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്തു.ആനുകാലികങ്ങളിലും ടിവി ചാനല്‍ ചര്‍ച്ചകളിലും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. 'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥക്ക് ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. അംബേദ്കര്‍: ജീവിതവും ദൗത്യവും (എഡിറ്റര്‍), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിനര്‍ഹനുമായിരുന്നു.
"
https://www.facebook.com/Malayalivartha