കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...

കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്നാണ് അഫാൻ്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു. അതിനിടെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത് വന്നു. ബാങ്ക് ജീവനക്കാരിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്ന് കേസിലെ പ്രതി അഫാൻ്റെ അമ്മ ഷെമി പറഞ്ഞു.
ബാങ്കിൽ 8 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നുവെന്നും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് എത്തിച്ചു നൽകിയെന്നും ഷെമി പറഞ്ഞു. എന്നാൽ 2 ലക്ഷം രൂപ മാത്രം ബാങ്കിൽ അടച്ചുവെന്നാണ് ഷെമി പറയുന്നത്. ബാക്കി പണം എന്തു ചെയ്തു എന്നതിന് ഷെമി മറുപടി പറഞ്ഞില്ല. കൊലപാതകത്തിന് ഒരാഴ്ച മുമ്പ് അബ്ദുൽ റഹീം 60000 രൂപ വീട്ടിൽ എത്തിച്ച് നൽകിയെന്നും അഫ്ഫാന്റെ സുഹൃത്ത് ഫർസാനയുടെ മാല എടുത്തു നൽകാൻ 40000 രൂപയും , വീട്ടു ചെലവിന് ഇരുപതിനായിരം രൂപയും ആണ് നൽകിയത് എന്നും ഷെമി വെളിപ്പെടുത്തിയിട്ടുണ്ട്.
“വീട്ട് ചിലവിന് മുൻപും പണം റഹീം എത്തിച്ചു നൽകി.അഫാനും ഫർസാനയും തമ്മിലുള്ള ബന്ധം അച്ഛൻ റഹീമിനും അറിയാമായിരുന്നു.പഠിച്ച് ജോലി ലഭിച്ചാൽ വിവാഹം നടത്താമെന്ന് അബ്ദുൽ റഹീം ഉറപ്പ് നൽകി.”എന്നും- ഷെമി പറഞ്ഞു. അതേസമയം പേരമലയിലെ വീട്ടിൽ ഇനി താമസിക്കാനില്ലെന്ന് ഭർത്താവ് റഹീമിനോട് ഷെമി പറഞ്ഞതായാണ് വിവരം. അഫാൻ ആരെയും കൊല്ലില്ലെന്നും ഷമി ആവർത്തിച്ച് പറയുന്നുണ്ട്. അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ മാതാവ് ഷെമി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ് ഇപ്പോൾ.
ഇതിനിടെ പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha