ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവം: എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

കളമശേരി പോളിടെക്നിക്കില്‍ ഹോസ്റ്റല്‍ മുറിയില്‍ വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്എഫ്‌ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്നും സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്‌ഐ മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലഹരി മാഫിയ കേരളത്തില്‍ അവരുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടത്തിലേക്ക് പോകുമെന്നും വി.ഡി.സതീശന്‍ മുന്നറിയിപ്പ് നല്‍കി.
''പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥന്റെ കൊലപാതകത്തിന് പിന്നിലും ലഹരി സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്എഫ്‌ഐ നേതാക്കളുമുണ്ട്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങിലും എസ്എഫ്‌ഐ ഉണ്ട്. കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ പരിശോധന നടത്തുമ്പോള്‍ അവിടെ പഠിക്കാത്ത എസ്എഫ്‌ഐ നേതാക്കള്‍ വന്നു ബഹളമുണ്ടാക്കി. പഠിച്ച് കഴിഞ്ഞു പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. ലഹരിമരുന്നിനു പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്ന സംഭവമാണ് കളമശേരിയില്‍ നടന്നത്.'' - പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
''അളവ് കുറഞ്ഞതിന്റെ പേരില്‍ ചില പ്രതികളെ വിട്ടയച്ചിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍നിന്നു പിടിച്ചെടുത്തത്. യൂണിയന്‍ ഭാരവാഹികള്‍ വരെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ പൂക്കോട് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ് സംഭവിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോടാണ് കൊടിമരത്തില്‍ കയറി കൊടി കെട്ടാന്‍ പറഞ്ഞത്. അതിനു തയാറാകാതെ വന്നപ്പോള്‍ യൂണിയന്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചു. എല്ലായിടത്തും എസ്എഫ്‌ഐ ആണ് ലഹരിമരുന്നിനു പിന്തുണ നല്‍കുന്നത്.'' - വി.ഡി.സതീശന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha