കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാം..പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആരംഭിച്ചു

കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാം..പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആരംഭിച്ചു
കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം സംസ്ഥാനത്തെമ്പാടും നടപ്പാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈരീതിക്ക് നല്ല സ്വീകാര്യത ലഭിച്ചതിനാലാണ് എല്ലാ ഡിപ്പോകളിലെയും സര്‍വീസുകള്‍ക്ക് ബാധകമാക്കുന്നത്.
കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് ടിക്കറ്റെടുക്കാനാകും. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും പേമെന്റ് നടത്താവുന്നതാണ്. കെഎസ്ആര്‍ടിസിയുടെ മെയിന്‍ അക്കൗണ്ടിലേക്ക് ഈ പണം നേരിട്ടെത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലടക്കം കോര്‍പ്പറേഷനില്‍ മൊത്തം ഇങ്ങനെ പണമടയ്ക്കാവുന്ന രീതി മൂന്നുമാസത്തിനകം നടപ്പാക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ടിക്കറ്റ് തുക ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന സംവിധാനം ഏപ്രില്‍ ആദ്യവാരത്തോടെ നിലവില്‍വരും.
യു.പി.ഐ. അടക്കം എല്ലാതരം ഡിജിറ്റല്‍ പേമെന്റും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പണമടയ്ക്കാവുന്ന പുതിയതരം ചലോ ടിക്കറ്റ് മെഷീന്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കിവരുന്നുണ്ട്. സ്വിഫ്റ്റ് അടക്കം വിവിധ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘദൂരബസുകളിലാണ് ഈ പ്രോജക്ട് ആദ്യം ലോഞ്ചുചെയ്തത്. കെഎസ്ആര്‍ടിസി. ഐടി, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് ദ്രുതഗതിയില്‍ ഇത് ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
അതേസമയം ഇത് യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്. ചില്ലറപ്രശ്‌നവും അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിവാക്കാം. ടിക്കറ്റ് ചാര്‍ജിനുള്ള പണം കൈയില്‍ കരുതണമെന്നില്ല. ബാക്കി വാങ്ങാനായി മറന്നുപോകുമെന്ന പ്രശ്‌നമില്ല. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാന്‍സ്ഫര്‍ചെയ്തു എന്നതിന് തെളിവുണ്ടാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha