അംഗന്‍വാടിയുടെ കിണറ്റില്‍ അകപ്പെട്ട യുവാവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

കാവന്നൂര്‍ - ഏലിയാ പറമ്പ് അംഗന്‍വാടിയുടെ കിണറ്റില്‍ അകപ്പെട്ട യുവാവിനെ മഞ്ചേരി അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പന്ത് വീഴുകയും, അതെടുക്കാനായി കണ്ണന്‍ ( 40) കിണറ്റില്‍ ഇറങ്ങി തിരിച്ചു കയറുന്നതിനിടെ 20 അടിയോളം ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ ഇയാള്‍ക്ക് എണീറ്റ് നില്‍ക്കാന്‍ പോലും ആവാതെ സാരമായി പരിക്കേറ്റിരുന്നു.
മഞ്ചേരിയില്‍ നിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറായ കെ പ്രതീഷ് റോപ്പ് ഉപയോഗിച്ച് ഉടന്‍തന്നെ കിണറ്റില്‍ ഇറങ്ങി. പരിക്കേറ്റു കിടന്ന യുവാവിനെ റെസ്‌ക്യൂ നെറ്റില്‍ സുരക്ഷിതമായി സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. മണ്ണിടിഞ്ഞ് ഒരാള്‍പൊക്കം വെള്ളം നിറഞ്ഞ കിണറ്റിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. രക്ഷാ ദൗത്യത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍മാരായ സൈനുല്‍ ഹബിദ്, എം. വി അനൂപ്, അനൂപ് എം, അഖില്‍. ടി, രഞ്ജിത്ത് എസ്. ജി, ഹോം ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, സുബ്രഹ്‌മണ്യന്‍, ജോജി ജേക്കബ് എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha