താമരശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവ്

താമരശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മര്‍ദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
താമരശേരി പഴയ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോവുകയും ഇതിനെത്തുടര്‍ന്ന് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവി വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലെ തുടക്കം.ഇതിന്റെ പേരിലാണ് വീണ്ടും വലിയ സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയില്‍ പൊട്ടലുണ്ടായതായി പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ഞെട്ടിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം ചാറ്റുകളും പുറത്തായിരുന്നു. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പത്താം ക്‌ളാസ് പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha