നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ആശാവര്‍ക്കര്‍മാര്‍

നാളെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടത്താനിരിക്കുന്ന പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍. ആശാവര്‍ക്കര്‍മാര്‍ നാളെ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരിക്കെയാണ് പരിശീലന പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്നാണ് പരിശീലന പരിപാടി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം.
എന്‍.എച്ച്.എം ഭരണകക്ഷിയുടെ ചട്ടുകം ആകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വേതന വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് നടപടി എടുക്കുന്നതിന് പകരം പരിശീലന പരിപാടി നടത്തുന്നത് സമരം അട്ടിമറിക്കാനാണെന്ന് ആശമാര്‍ ആരോപിച്ചു.
യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്ത പരിശീലന പരിപാടി മുമ്പൊരിക്കലുമില്ലാത്ത വിധം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നത് ആരോഗ്യവകുപ്പിന്റെ കൃത്യമായ ബോദ്ധ്യത്തോടെയാണെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ആശസമരത്തെ പിന്തുണയ്ക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെക്രട്ടേറിയറ്റ് ഉപരോധവുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. ആശാ പ്രവര്‍ത്തകര്‍ക്കായി തിങ്കളാഴ്ച പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ എന്നിവയിലാണ് പരിശീലന പരിപാടി നടത്തുന്നത്. ഇതു സംബന്ധിച്ച് ഇന്നലെയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha