സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം ചേരുന്നത്. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന പദ്ധതികളും യോഗത്തില്‍ വിലയിരുത്തും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ സംയുക്ത ഓപ്പറേഷന് പൊലീസും എക്‌സൈസും തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഗവര്‍ണറും ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കളമശേരി ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയാണ് അനുരാജ്. ഇന്നലെ രാത്രിയാണ് അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിക്കും. അനുരാജാണ് കഞ്ചാവ് എത്തിച്ചതെന്ന് മറ്റ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ ആറുപേരാണ് കേസില്‍ പിടിയിലായത്.
അതിനിടെ, കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ചേര്‍ത്തലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പള്ളിപ്പുറത്തെ ഷെഡിന് സമീപം രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ എക്സൈസ് ചേര്‍ത്തല റേഞ്ച് അധികൃതര്‍ പിടികൂടി.
https://www.facebook.com/Malayalivartha