കേരള ശ്രീ ജേതാവായ ആശാ പ്രവര്‍ത്തക ഷൈജ ബേബി മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു

ഷൈജയെ അതിനുമുമ്പ് മന്ത്രി കാണുന്നത് മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷൈജ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്. ഉരുള്‍പൊട്ടലില്‍ ബന്ധുക്കളായ 9 പേരെ നഷ്ടപ്പെട്ടപ്പോഴും മണ്ണില്‍ പുതഞ്ഞ മൃതശരീരങ്ങള്‍ക്കിടയില്‍ നിന്ന് നൂറിലധികം പേരെ ഷൈജ ബേബി തിരിച്ചറിഞ്ഞിരുന്നു. ഉരുള്‍പൊട്ടല്‍ ദിവസം രാവിലെ മുതല്‍ മേപ്പാടി ആരോഗ്യ കേന്ദ്രത്തിലേക്ക് നിരവധി മൃതദേഹങ്ങള്‍ എത്തിയതോടെ തിരിച്ചറിയുന്നതെങ്ങനെയെന്ന് അറിയാതെ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിലും മന:സാന്നിധ്യം കൈവിടാതെ ഷൈജ മൃതദേഹങ്ങളിലും ശരീര ഭാഗങ്ങളിലും ഓരോ വ്യക്തികളുടെയും ശാരീരിക പ്രത്യേകതകള്‍ ഓര്‍ത്തെടുത്ത് തിരിച്ചറിഞ്ഞത്.
വയനാട് ജില്ലയിലെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കഴിഞ്ഞ 16 വര്‍ഷക്കാലമായി ആശാ പ്രവര്‍ത്തകയായി ഷൈജ ബേബി സേവനം അനുഷ്ഠിക്കുകയാണ്. ഉരുള്‍പൊട്ടല്‍ വിവരം ആദ്യം അറിഞ്ഞ നിമിഷം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ സജീവമായിരുന്നു ഷൈജ. ബന്ധുക്കള്‍ പോലും തിരിച്ചറിയാതിരുന്ന സാഹചര്യത്തില്‍ മുണ്ടക്കയിലെയും ചൂരല്‍മലയിലെയും ഓരോ വ്യക്തിയെയും അടുത്തറിയാവുന്ന ഷൈജയാണ് മൃതദേഹ ഭാഗങ്ങള്‍ പോലും തിരിച്ചറിഞ്ഞത്. ആ ദുരിതത്തിന്റെ നടുക്കത്തില്‍ നിന്നും വേദനയില്‍ നിന്നും ഷൈജ ഇപ്പോഴും മോചിതയായിട്ടില്ല. ഷൈജയുടെ മികച്ച സേവനങ്ങള്‍ക്ക് കേരള ശ്രീ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. അത് ഏറ്റുവാങ്ങുന്നതിന് മകനും സഹോദരനും ഒപ്പമാണ് ഷൈജ ബേബി തിരുവനന്തപുരത്ത് എത്തിയത്.
https://www.facebook.com/Malayalivartha