കൂട്ടകൊലപാതകം തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് ഷെമീന....

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ ജയിലിൽ കഴിയുന്ന പ്രതി അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതി അഫാനെ സംരക്ഷിക്കുന്ന മൊഴിയുടെ വീണ്ടും ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഉമ്മ ഷെമീന രംഗത്തെത്തിയിരിക്കുകയാണ്. മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകൻ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നൽകിയത്. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് എസ്എച്ച്ഒ: ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ ഷെമിയുടെ മൊഴിയെടുക്കുകയായിരുന്നു. ഷെമിയെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തിയ പൊലീസ് ഷെമിയോട് തലയ്ക്കു പരുക്കേറ്റത് എങ്ങനെയെന്നു ചോദിച്ചു. കട്ടിലിൽനിന്നു വീണാണു പരുക്കേറ്റതെന്ന് ഷെമി അറിയിച്ചു. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണു പരുക്കേറ്റുവെന്ന് ഷെമി മറുപടി നൽകിയതായാണു വിവരം.
സംഭവദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ വിഷയം മാറ്റിയ ഷെമി വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞു. കടബാധ്യതയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങൾ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.ഒരു മണിക്കൂർ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തൽ. പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനു ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർ പറയുന്നത്. അഫാനെ കാണാൻ ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി ഇവരെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ കേസ് അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
പലിശ ഇനത്തിൽ ഇവർ അഫാന്റെ കുടുംബത്തിൽനിന്ന് വൻതുക ഈടാക്കിയെന്ന വിവരത്തെ തുടർന്നാണ് പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ നീക്കം. പ്രതിമാസം വലിയതുക പലിശ ഇനത്തിൽ അഫാന്റെ കുടുംബം നൽകിയിട്ടുണ്ടെന്ന രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
https://www.facebook.com/Malayalivartha