പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
200 സിനിമകളില്‍ എഴുന്നൂറിലധികം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിര്‍വഹിച്ചിട്ടുണ്ട്. സംവിധായകന്‍ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എംഎസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 200 ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.
എംഎ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്‌കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്. 'ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍', 'ആഷാഢമാസം ആത്മാവില്‍ മോഹം', 'നാടന്‍പാട്ടിന്റെ മടിശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നല്‍കി. 'പൂമഠത്തെ പെണ്ണ്'എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരായും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha