മുന്‍ എഡിഎം കെ.നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്... പ്രത്യേക അന്വേഷണസംഘം ഈയാഴ്ച കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

മുന്‍ എഡിഎം കെ.നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഈയാഴ്ച കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കണ്ണൂര്‍ റേഞ്ച് ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജ്, അസി.കമ്മിഷണര്‍ ടി.കെ.രത്‌നകുമാര്‍, ടൗണ്‍ സിഐ ശ്രീജിത് കൊടേരി എന്നിവരടങ്ങിയ എസ്‌ഐടി രണ്ടുദിവസത്തിനകം അവസാനവട്ട യോഗം ചേര്‍ന്ന ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു സമര്‍പ്പിച്ചിരുന്ന കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം വേഗത്തിലായത്.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമാണു നിലവില്‍ പ്രതി. കണ്ണൂരില്‍ നിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിനു നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം ഒക്ടോബര്‍ 15നാണ് നവീനെ പള്ളിക്കുന്നിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 82 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നവീന്റെ കുടുംബം.
https://www.facebook.com/Malayalivartha