കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു...

കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ സൂസമ്മ (62) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-ന് പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്.
കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പോലീസ് സ്റ്റേഷനില്‍ കണ്ടശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശമുള്ള കല്‍ക്കെട്ടില്‍ ഇരുന്നപ്പോഴാണ് കുഴഞ്ഞുവീണത്.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടന്‍ പോലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്.
അതേസമയം 2022 ഒക്ടോബര്‍ 12-ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത, പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരേ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരാകാനായി വീട്ടില്‍ നിന്ന് അമ്മയ്ക്ക് ഒപ്പമാണ് ചെറിയാനെത്തിയത്.
റിമാന്‍ഡ് ചെയ്തതോടെ തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതറിഞ്ഞാണ് സൂസമ്മ കാണാനെത്തിയത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ കുഞ്ഞച്ചനാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: ഡാനിയേല്‍, ഷൈനി. മരുമക്കള്‍: സുമി, ഷിബു. സംസ്‌കാരം വ്യാഴാഴ്ച 12-ന് പരിയാരം സെയ്ന്റ് പോള്‍സ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha