കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ എന്ന് വൈകാതെ അറിയാം..ഒന്നാം പ്രതി മുഹമ്മദ് ഷാഫി, തിരുമ്മു വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്കെതിരെയാണ് സെഷന്‍സ് കോടതി കുറ്റം ചുമത്തുന്നത്..

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ എന്ന് വൈകാതെ അറിയാം. വീട്ടുകാരുമായി അകന്ന ലോട്ടറി വ്യാപാരം നടത്തി വന്നന രണ്ട് സ്ത്രീകളെ വിളിച്ചുവരുത്തി ആഭിജാരക്രിയകളുടെ ഭാഗമായി വെട്ടിനുറുക്കി കുറെ ഭാഗം ഭക്ഷിക്കുകയും ആഴ്ചകളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും അവയവങ്ങള്‍ വേര്‍പ്പെടുത്തുകയും പിന്നീട് മറവു ചെയ്ത സംഭവത്തില്‍ ഏപ്രില്‍ ഒന്നിന് കോടതി പ്രതികള്‍ക്ക് കുറ്റം ചുമത്തും.കേട്ടാല്‍ അറയ്ക്കുന്ന കൂടോത്രത്തിനു നേതൃത്വം നല്‍കി രണ്ടു സ്ത്രീകളെയും അരുംകൊല ചെയ്ത ഒന്നാം പ്രതി മുഹമ്മദ് ഷാഫി, കൊലപാതകത്തിന് പങ്കുവഹിച്ച തിരുമ്മു വൈദ്യന്‍ ഭഗവല്‍ സിംഗ്,
ഭാര്യ ലൈല എന്നിവര്‍ക്കെതിരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തുന്നത്. അതിക്രൂരവും പൈശാചികവുമായ നരബലി നടത്തിയ പ്രതികള്‍ക്ക് വധശിക്ഷതന്നെ ലഭിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ അന്ധവിശ്വാസിയായ ഭഗവല്‍സിംഗിന്റെ വീടിന്റെ പരിസരത്തുനിന്ന് നരബലിക്കിരയായ രണ്ടു സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിംഗ് , ഭാര്യ ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു.സാമ്പത്തിക നേട്ടമുണ്ടാകാന്‍ സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചാല്‍ മതിയെന്നു തിരുമ്മു ചികിത്സകനായ ഇലന്തൂരിലെ കെ.വി. ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരെ വിശ്വസിപ്പിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ്.
ഇതിനായി ലോട്ടറി വില്‍പനക്കാരായ കാലടി സ്വദേശി റോസിന്‍, തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കാമെന്നും ധരിപ്പിച്ച് മുഹമ്മദ് ഷാഫി ഇലന്തൂരിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്.പൊന്നുരുന്നി പഞ്ചവടി നഗറിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബര്‍ 26നാണ് കടവന്ത്ര പോലീസിനു ലഭിച്ചത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരബലി സംബന്ധിച്ച നടുക്കുന്ന വിവരം പുറത്തുവരുന്നത്. പുറംലോകത്ത് പുരോഗമനവാദിയായ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു ഭഗവല്‍സിംഗും.
അതേ സമയം അന്ധവിശ്വാസത്തിന്റെ പരകോടിയിലായിരുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ റോസിലിനെയും പത്മത്തെയും പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയായിരിക്കെ മുഹമ്മദ് ഷാഫിയാണ്. മോര്‍ച്ചറിയില്‍ സഹായിയായി നിന്ന് മൃതദേഹങ്ങള്‍ വെട്ടിക്കീറിയ പരിചയത്തിലാണ് ഷാഫി ഇരുവരെയും അരുംകൊല ചെയ്തത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണു കുറ്റപത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്ലിനുമാണന്നു പൊലീസ് സ്ഥിരീകരിച്ചത്.
പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും കോടതി ഏപ്രില്‍ ഒന്ന് വിധി പറയും. വിടുതല്‍ ഹര്‍ജി തള്ളുകയാണെങ്കില്‍ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല.പോലീസ് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചുമെന്നാണ് വിടുതല്‍ ഹര്‍ജിയില്‍ പ്രതികളുടെ വാദം. കേസില്‍ തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നും മൂന്നു പ്രതികളും വാദിച്ചിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ വെറും കാഴ്ചക്കാരി മാത്രമായിരുന്നു എന്നുമായിരുന്നു ലൈലയുടെ വാദം. എന്നാല്‍ പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ജാമ്യം ആവശ്യപ്പെട്ടു ലൈല മുമ്പ് മൂന്നു തവണ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഭീകരതയും അതുണ്ടാക്കിയ ഭീതിയും സമൂഹമനസ്സില്‍നിന്ന് ഇന്നും മാഞ്ഞിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്നാം തവണയും ലൈലയുടെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു.കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം,
തെളിവ് നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.സാമ്പത്തിക അഭിവൃദ്ധിയ്ക്കായി നരബലി നടത്തിയ സംഭവത്തില്‍ പ്രതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മുഹമ്മദ് ഷാഫിക്ക് നല്‍കിയത് പല ഘട്ടങ്ങളിലായി പത്തു ലക്ഷം രൂപയാണ്. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാന്‍ രണ്ടു സ്ത്രീകളെ നരബലി ചെയ്ത അതിക്രൂര സംഭവം കേരളം നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്.സാമ്പത്തിക അഭിവൃദ്ധിക്കായി എന്തും ചെയ്യാന്‍ തയാറായിരുന്ന ദമ്പതികളോട് സ്ത്രീകളെ ബലികൊടുക്കണമെന്നും
ശരീരഭാഗങ്ങള്‍ ഭക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഷാഫിയാണ് നല്‍കിയത്.കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. ആഭിചാരക്രിയകളുടെ ഭാഗമായി പ്രതി ഷാഫി, ഭര്‍ത്താവായ ഭഗവല്‍സിംഗിന്റെ സാന്നിധ്യത്തില്‍ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി മൊഴിയില്‍ പറയുന്നു. മാത്രവുമല്ല ഇരകളായ റോസിലിയെയും പത്മത്തെയും ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു.
കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെ ഷാഫി സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ബലിനല്‍കുകയായിരുന്നു. റോസിലിനെയാണ് ആദ്യം അരുംകൊല ചെയ്തത്. റോസിലിനെ കട്ടിലില്‍ കെട്ടിയിട്ടാണ് മൂന്നു പ്രതികളും ചേര്‍ന്ന് കഴുത്തറത്തുകൊന്നത്. ലൈലയാണ് റോസിലിയുടെ കഴുത്തില്‍ ആദ്യം കത്തിവെച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനുശേഷം ശരീരമാസകലം മുറിവുകളുണ്ടാക്കി. ജനനേന്ദ്രിയത്തില്‍നിന്ന് രക്തം ശേഖരിച്ചശേഷം മൃതദേഹം മുപ്പത് കഷ്ണങ്ങളായി വെട്ടിനുറുക്കുകയും രക്തം വീടിനു പുറത്ത് പല ഭാഗങ്ങളിലായി തളിച്ച ശേഷം ശരീരഭാഗങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നു. ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് ഭഗവല്‍സിംഗ് പരാതിപ്പെട്ടതോടെയാണ് ഷാഫി രണ്ടാമത്തെ ഇരയായ പത്മത്തെ ഇതേ വീട്ടിലെത്തിച്ച സമാനമായ രീതിയില്‍ നരബലി നടത്തിയത്.
മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം കിട്ടുമെന്നും ഇത് വാങ്ങാനായി ആളുവരുമെന്നും വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി മറ്റുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് മനുഷ്യമാംസം ഫ്രിഡ്ജില്‍ സൂക്ഷിപ്പിച്ചതെന്ന് ഭഗവല്‍ സിംഗ് നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങള്‍ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും ശ്വാസകോശവും കരളും കാണാനില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നും കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്നും ഷാഫി ഇരുവരോടും പറഞ്ഞിരുന്നു. റോസ്ലിന്റെ മൃതദേഹത്തില്‍ വലതു വൃക്കയില്ലെന്നാണ് കണ്ടെത്തിയത്. റോസിലിന്റെ മാറിടം ഭക്ഷിച്ചെന്നും തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നതായും ഭഗവല്‍ സിംഗ് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആദ്യ ബലി നല്‍കിയ ശേഷം പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ഷാഫിയോട് പരാതി പറഞ്ഞിരുന്നരുന്നു. ഇതിനിടെ പലപ്പോഴായി ഷാഫിക്ക് നല്‍കിയ 6 ലക്ഷം രൂപ ഇവര്‍ മടക്കി ചോദിച്ചതോടെയാണ് രണ്ടാമതൊരു ബലി നടത്താന്‍ ഷാഫി തീരുമാനിച്ചത്. റോസ്ലിനെ കൊന്ന സമയവും രീതിയും ശരിയല്ലായിരുന്നു എന്ന് ഭഗവല്‍ സിംഗിനെയും ലൈലയേയും പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ നരബലിക്ക് കളമൊരുക്കിയത്.
പത്മയയേയും കൊന്ന ശേഷം ഭഗവല്‍ സിങ്ങിനെയും ലൈലയേയും ബ്‌ളാക് മെയില്‍ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതിയെന്നും അതിനാണ് കൊലപാതകങ്ങളില്‍ ഇരുവരെയും പങ്കാളികളാക്കിയതെന്നും കണ്ടെത്തിയിരുന്നു. ഭഗവല്‍ സിംഗിനെ കൊന്നശേഷം ലൈലക്കും ഷാഫിക്കും ഒന്നിച്ചു ജീവിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നതായും ലൈലയുടെ മൊഴിയുണ്ട്.
https://www.facebook.com/Malayalivartha