എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു: ഏപ്രില്‍ മൂന്ന് മുതല്‍ 26വരെ 72 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. അവസാന ദിവസം അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാന്‍ എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളെ നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ 26വരെ 72 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക.
ആദ്യഘട്ടം ഏപ്രില്‍ മൂന്നിന് ആരംഭിച്ച് 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21ന് ആരംഭിച്ച് 26ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് പത്ത് മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിക്കും.
ഇത്തവണ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും. എസ്എസ്എല്‍സിക്ക് സംസ്ഥാനത്തെ 2964 ഉം, ലക്ഷദ്വീപില്‍ ഒമ്പതും, ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്. മാര്‍ച്ച് മൂന്നിനാണ് പത്താം ക്‌ളാസ് പരീക്ഷ ആരംഭിച്ചത്. സംസ്ഥാനത്ത് പ്‌ളസു പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു.
https://www.facebook.com/Malayalivartha