ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്ത സംഭവം; ആരോപണങ്ങള്‍ വ്യാജമെന്നും തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രതികരണം

തനിക്കെതിരെ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പരാതിക്കാരന്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാണെന്നും ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമാണെന്നും ഷാന്‍ റഹ്‌മാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തനിക്കെതിരെ ഉയര്‍ന്ന കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്നും ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
തുടക്കം മുതല്‍ തന്നെ തങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ടെന്നും പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്നും പരാതിക്കാരനായ നിജു രാജ് അബ്രഹാമുമായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ഷാന്‍ റഹ്‌മാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇയാളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
ജനുവരി 25ന് നടന്ന ഉയിരേ ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് പരിപാടിയുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത തുക നല്‍കിയില്ലെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കുമെന്നും ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha