കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ പാര്‍ട്ടി; പത്തനാപുരത്ത് 4 യുവാക്കള്‍ പിടിയില്‍

കുഞ്ഞു ജനിച്ച സന്തോഷത്തില്‍ പത്തനാപുരത്ത് ലഹരിപാര്‍ട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളെ എക്‌സൈസ് അറസ്റ്റു ചെയ്തു. പത്തനാപുരത്തെ ലോഡ്ജില്‍നിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്. മുറിയില്‍നിന്ന് രാസലഹരി ഉള്‍പ്പെടെ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണു ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിനായി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എംഡിഎംഎ സൂക്ഷിക്കാനുള്ള പൊതികള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന. ഇവര്‍ക്ക് രാസലഹരി നല്‍കിയ തിരുവനന്തപുരത്തുള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha