വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം : 271 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 271 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തില്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമടക്കം സി.ഡബ്ല്യു.ആര്‍.പി.എസ് സമര്‍പ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തില്‍ രണ്ടു പാക്കേജുകളിലായാണ് തുറമുഖ പദ്ധതി നടപ്പാക്കുന്നത്.
കണ്‍സെഷനയര്‍ (AVPL) മുഖേന 235 മീറ്റര്‍ നീളമുള്ള ബ്രേക്ക്വാട്ടര്‍, 500 മീറ്റര്‍ നീളമുള്ള ഫിഷറീസ് ബര്‍ത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ 146 കോടി രൂപ ചിലവഴിച്ച് പാക്കേജ് ഒന്നായി നടപ്പിലാക്കും. നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറിന്റെ സിവേര്‍ഡ് ബ്രേക്ക് വാട്ടറില്‍ നിന്നും 45 ഡിഗ്രി ചെരിവില്‍ 250 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം 125 കോടി രൂപ ചിലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വര്‍ക്കായി പാക്കേജ് 2 ആയി നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha