എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ദിവ്യ കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തം. ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ പ്രേരണയായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണ്. സ്വന്തം ഫോണില്‍ നിന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 400ഓളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്.
നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന ആരോപണത്തിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടും അടിവരയിടുന്നു. പെട്രോള്‍ പമ്പ് അനുമതിക്ക് നവീന്‍ കൈക്കൂലി വാങ്ങിയതിനോ, ചോദിച്ചതിനോ തെളിവില്ല. എല്ലാം ദിവ്യ കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാകാം. അപമാനിക്കാന്‍ ദിവ്യ ആസൂത്രിതശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണ്.
കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൂങ്ങിമരിച്ച നിലയില്‍ നവീനെ കണ്ടെത്തിയത്. വിരമിക്കാന്‍ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്നിരുന്നു. ഇതിനിടെ ചടങ്ങിലെത്തിയ അന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു.
ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ ടി.വി.പ്രശാന്തന്‍ എന്നയാള്‍ തുടങ്ങുന്ന പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകള്‍. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്. ഇതിന് പിന്നാലെയാണ് രാവിലെ നവീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha