അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവര്‍: സംഗീത മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനം

ഇരുമ്പനത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് പണം ആവശ്യപ്പെട്ടതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എം എസ് സംഗീതയെയാണ് (26) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതി.
സംഗീതയും അഭിലാഷും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നതിനാല്‍ സംഗീതയുടെ വീട്ടില്‍ നിന്ന് വിവാഹസമ്മാനമായി പണമോ സ്വര്‍ണമോ ഒന്നും നല്‍കിയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് പണം ആവശ്യപ്പെട്ട് അഭിലാഷ്, സംഗീതയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഗീത മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനം തുടങ്ങി. മരിക്കുന്നതിന് തലേദിവസം മണിക്കൂറുകളോളം സംഗീതയെ മര്‍ദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു.
മുന്‍പ് അഭിലാഷ് ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മൂക്കിന്റെ പാലം തകര്‍ന്ന സംഗീത ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അഭിലാഷ് സംഗീതയെ മര്‍ദ്ദിക്കുന്നതില്‍ ആദ്യമൊക്ക ബന്ധുക്കള്‍ ഇടപെടുകയും മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വീടിന് അടുത്ത് മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ നോക്കുന്ന ജോലിയാണ് സംഗീത ചെയ്തിരുന്നത്. അഭിലാഷ് ഇവിടെയെത്തിയും ബഹളം ഉണ്ടാക്കുമായിരുന്നു. മുന്‍പ് സംഗീതയുടെ വീട്ടുകാരുടെ വാക്കാലുള്ള പരാതിയില്‍ പൊലീസ് അഭിലാഷിനെ താക്കീത് നല്‍കി വിട്ടിട്ടുണ്ട്. സംഗീതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്.
https://www.facebook.com/Malayalivartha