സംസ്ഥാനത്ത് വിവിധ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക്

സംസ്ഥാനത്തെ നാല് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ ടോള്‍ പ്ലാസകളിലെ പുതുക്കിയ നിരക്കുകളാണ് പുറത്തുവന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. തിരുവല്ലത്ത് ഒരു യാത്രയ്ക്കുള്ള നിരക്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം വന്‍ വര്‍ദ്ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ദ്ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
നിലവില്‍ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ കാറിന്റെ മന്തിലി പാസിന് 5375 രൂപ നല്‍കണം. എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ചുരൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ അന്‍പത് രൂപ നല്‍കേണ്ടി വരും. പാലക്കാട് ജില്ലയില്‍ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് രണ്ടിടങ്ങളിലെയും വര്‍ദ്ധന. വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ദ്ധനയെന്നാണ് ടോള്‍ പിരിവ് കമ്പനിയുടെ വിശദീകരണം. വാളയാര്‍ ടോളില്‍ ജീപ്പിനും കാറിനും കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന അതേ തുക നിലനിര്‍ത്തി എന്നത് മാത്രമാണ് ആശ്വാസം. വാളയാര്‍ ടോള്‍ പ്ലാസ ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസനിരക്ക് 340ല്‍ നിന്നും 350 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha