എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്.... എന്തെങ്കിലും അറിഞ്ഞോ..? ആശങ്കയുയർത്തിയ ദുരൂഹ ഫോൺകോൾ നിമിഷപ്രിയയ്ക്ക്: വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതർ...

മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോൺകോൾ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. യെമൻ പൗരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതർ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരിൽ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം.
വധശിക്ഷയുടെ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോൺകോൾ വന്ന വിവരം അറിയിച്ചത്. നിലവിൽ യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. ‘‘അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശിക്ഷയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്.
ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.’’– ശബ്ദസന്ദേശത്തിൽ നിമിഷ പറഞ്ഞു. എന്നാൽ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, റമസാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവർത്തകനും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആളുമായ സാമുവൽ ജെറോം പ്രതികരിച്ചിരുന്നു.
2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. ക്ലിനിക്കിലെ യെമൻ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി. ‘ബ്ലഡ്‌മണി’ നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല.
നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ വനിതയും രക്ഷപെട്ടത്. എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിലടച്ചു. ഇതിനിടെ തലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.
ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. പിന്നീട് യെമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്‌തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.
കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha