മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഐ ബി ഉദ്യോഗസ്ഥ മേഘയുടെ കുടുംബം: അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല; അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി...

ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. ഏപ്രിൽ ആറിന് ശേഷം മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചോദ്യം ചെയ്താൽ മാത്രമായിരിക്കും മകളുടെ മരണകാരണം വ്യക്തമാകൂ എന്നും കുടുംബം പറഞ്ഞു. മേഘ ഒറ്റയ്ക്കാണ് റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്നതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു. ജോലിസ്ഥലത്ത് നിന്നും ഇറങ്ങി റെയിൽവേ ട്രാക്കിലേക്ക് മേഘ എത്തുന്നത് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം ശേഖരിച്ചാൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമാകുമെന്ന് കുടുംബം പറയുന്നു.
മേഘയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ സുകാന്തിൻ്റേതായിരുന്നുവെന്ന് പിതാവ് മധുസൂദനൻ വ്യക്തമാക്കിയിരുന്നു. അതേസമയം മകളുടെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മധുസൂദനൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിട്ടുണ്ട്. സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം മേഘയുടെ വീട്ടിൽ മാതാപിതാകകളെ നേരിൽ കാണാൻ എത്തിയിരുന്നു.
മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘയുടെ മരണത്തിൽ വീട്ടുകാർക്കുള്ള സംശയങ്ങൾകൂടി അന്വേഷണ വിധേയമാക്കണം. ഇതിനായി കേന്ദ്ര അന്വേഷണത്തിനായി ബന്ധപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. . സെൻട്രൽ ഐ ബിയുടെ ഒരു സ്റ്റാഫിന്റെ വിഷയമാണ് ഇത്. അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. മേഘയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുന്നതിന് മുൻകൈ എടുക്കുമെന്നും അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണത്തിലെ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് നിലവിൽ ഒന്നും പറയാനില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സുകാന്ത് ഒളിവിൽപോയത് മാതാപിതാക്കളോടൊപ്പമെന്ന് ആണ് സൂചന. എടപ്പാൾ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്.
https://www.facebook.com/Malayalivartha