വര്‍ക്കലയില്‍ വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍

വര്‍ക്കലയില്‍ ഉത്സവം കഴിഞ്ഞു നടന്നു തിരികെ വരികയായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍. അപകടത്തില്‍ പേരേറ്റില്‍ സ്വദേശികളായ രോഹിണി, മകള്‍ അഖില എന്നിവരാണ് മരിച്ചത്. വര്‍ക്കലയില്‍നിന്നു കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിതവേഗത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിനു പിന്നാലെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ വര്‍ക്കല- ആറ്റിങ്ങല്‍ റോഡില്‍ കൂട്ടിക്കട ഭാഗത്തുവച്ചായിരുന്നു അപകടം. അപകടത്തിനു തൊട്ടുമുന്‍പ് സ്‌കൂട്ടറില്‍ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ മതിലും ഗേറ്റും ഉള്‍പ്പെടെ തകര്‍ന്നു. അപകടം നടക്കുന്നതിനു മുന്‍പ് മറ്റൊരു ജംക്ഷനില്‍ വച്ച് മറ്റൊരാളുമായി ഡ്രൈവര്‍ വഴക്കിട്ടിരുന്നെന്നും ഇതിനു ശേഷം ഇയാളുടെ ഭാര്യ വാഹനത്തില്‍നിന്ന് ഇറങ്ങി പോയെന്നും ഒരു നാട്ടുകാരന്‍ പറഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വാഹനം അമിതവേഗത്തില്‍ ഓടിച്ചു വന്നതെന്നും നാട്ടുകാരന്‍ പറഞ്ഞു. ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha