അയൽവാസിയെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്ത് യുവതിയും സുഹൃത്തും; പിന്നാലെ സംഭവിച്ചത്...

തന്നെ മർദിച്ച അയൽവാസി കോടതിയിൽ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തിൽ ക്വട്ടേഷൻ നൽകി മർദിച്ച കേസിൽ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ സാന്റിയ (42), പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് പരമേശ്വരൻ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസിൽ പ്രതിയാണ് പ്രമോദ്. കേസിലെ നേരത്തെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്നു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സാന്റിയയെ അയൽവാസിയായ പ്രസന്നകുമാറും ഭാര്യയും ചേർന്ന് ആക്രമിച്ചതായി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രസന്നകുമാറും ഭാര്യയും കോടതിയിൽ നിന്നും ജാമ്യം എടുക്കുകയായിരുന്നു. ഇത് സാന്റിയയെ ചൊടിപ്പിച്ചു. തുടർന്നാണ് ഇരുവരെയും ആക്രമിക്കാൻ കൊലക്കേസ് പ്രതിയായ പ്രമോദ് അടക്കമുള്ളവർക്ക് ക്വട്ടേഷൻ നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘം കഴിഞ്ഞ 11 ന് പ്രസന്നകുമാറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രസന്നകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ സാന്റിയ അടക്കമുള്ള പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ഇവർ അമ്പലപ്പുഴ ഭാഗത്ത് ഒളിവിൽ കഴിയുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം അമ്പലപ്പുഴയിൽ നിന്നും രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്.ഐമാരായ സിബിമോൻ, മനോജ്, സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ, അരുൺ, ശെൽവരാജ്, ബിനീഷ് മോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha