വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കാന്‍ പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് എം.എം സുന്ദരേഷ്, രാജേഷ് ബിന്ദല്‍ എന്നീ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആത്മഹത്യ കേസില്‍ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെയാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭാര്യ വിസ്മയുടെ ആത്മഹത്യയില്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് കിരണ്‍ കുമാറിന്റെ പ്രധാന വാദം. അഭിഭാഷകന്‍ ദീപക് പ്രകാശ് ആണ് ഹാജരായത്. 2021 ജൂണില്‍ ആണ് വിസ്മയ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് വിസ്മയയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.
കിരണ്‍ കുമാറിന് സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപയുടെ കാറും നല്‍കിയാണ് വിവാഹം നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സ്ത്രീധനമായി ലഭിച്ച കാറിന്റെ പേരില്‍ പീഡനം ആരംഭിച്ചെന്ന് വിസ്മയയുടെ കുടുബാംഗങ്ങള്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജില്‍ നിന്നും വീണ്ടും കിരണ്‍ കൂട്ടിക്കൊണു പോയ ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
https://www.facebook.com/Malayalivartha