വഖഫ് ഭേദഗതി ബില്‍ :കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ്ഗോപി

വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ അതിനെ എതിര്‍ത്താണ് സുരേഷ് ഗോപി എംപി രംഗത്തുവന്നത്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കെ രാധാകൃഷ്ണന്‍ എം പി ലോക്സഭയില്‍ പറഞ്ഞു. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബില്‍ ന്യൂനപക്ഷവിരുദ്ധമായതിനാല്‍ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നതു കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം വഖഫ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്. വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കെയാണ് വിഷയത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നത്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായാലും കോടതിയില്‍ നേരിടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.
എന്നാല്‍ വഖഫ് ബില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണ്. ഊടുവഴിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ഇത്തരം നടപടികളെ ശക്തമായി എതിര്‍ക്കും നേതാക്കള്‍ മലപ്പുറത്ത് പ്രതികരിച്ചു. വഖഫ് നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇപ്പോള്‍ മുസ്ലിം സമുദായമാണ് ലക്ഷ്യമെങ്കില്‍ അധികം വൈകാതെ മറ്റ് സമുദായങ്ങളുടെ സ്വത്തുക്കളും പിടിച്ചടക്കുമെന്ന സൂചനകൂടിയാണ് നിയമം നല്‍കുന്നത്. നിയമ ഭേദഗതിയിലൂടെ വിശ്വാസത്തില്‍ ഇടപെടുന്ന നിലയൂണ്ടാകുന്നു. നീക്കം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആശയകുഴപ്പങ്ങളില്ല. കോണ്‍ഗ്രസുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. വഖഫ് ഭേദഗതിയും മുനമ്പത്തെ വിഷയവും തമ്മില്‍ ബന്ധമില്ല. മുനമ്പം പ്രശ്‌നപരിഹാരം കേരള സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുന്നതാണ്. മുനമ്പത്തെ പ്രശ്നം വഖഫ് ബില്ലുമായി ചേര്‍ത്തുകെട്ടി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. മുനമ്പത്തെ ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ ഇറക്കി വിടണം എന്ന അഭിപ്രായം ആര്‍ക്കുമില്ല, ഈ വിഷയത്തില്‍ പരിഹാരം വേണമെന്ന് തന്നയാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha